ഗാന്ധിനഗർ: പത്തു മാസമായി അടഞ്ഞു കിടക്കുന്ന മെഡിക്കൽ കോളജ് ബസ്സ്റ്റാന്ഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ബസ്സ്റ്റാന്ഡിലെത്തുന്ന യാത്രക്കാർ പ്രാഥമിക കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുകയാണ്. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന വന്നു പോകുന്ന ബസ്സ്റ്റാൻഡാണിത്. കൂടുതൽ പേരും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർ.
രാവിലെ തന്നെ ഒ.പി. ചീട്ട് എടുത്ത് ഡോ ക്ടറെ കണ്ടു മടങ്ങുന്നതിനായി വിദൂരസ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്ത് രാവിലെ ബസ്സ്റ്റാൻഡിലെത്തുന്ന രോഗികളും ഇവരോടൊപ്പം എത്തുന്നവരുമാണ് ബുദ്ധിമുട്ടുന്നത്. സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പുരുഷന്മാരായ യാത്രക്കാർ കംഫർട്ട് സ്റ്റേഷന്റെ പരിസരത്ത് കാര്യം സാധിച്ച് മടങ്ങാറുള്ളതിനാൽ ദുർഗന്ധം കാരണം ഈ പരിസരത്ത് നിൽക്കുവാൻ പോലും കഴിയുന്നില്ല.
അതേ സമയം നല്ല വരുമാനമുള്ള ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ യാത്രക്കാർക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള കാര്യങ്ങൾ പോലും ഏർപ്പെടുത്തുന്നില്ല. അടഞ്ഞു കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി മുൻസിപ്പൽ അതിർത്തി പ്രദേശത്ത് വ്യാപിക്കുന്നത് മൂലം ഹോട്ടൽ വ്യാപാരികളടക്കമുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ മാലിന്യം ഒഴുകുന്നത് അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ പഞ്ചായത്തിന് നോട്ടീസ് നൽകി.
ഇതിനെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതെന്നും പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതോടൊപ്പം വൃത്തിയുള്ള ഒരു കംഫർട്ട് സ്റ്റേഷൻ നിർമിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉണ്ടാകുന്ന സാഹചര്യത്തിൽ താൽക്കാലികമായി ഒരു കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള അംഗീകാരം അടുത്ത കമ്മറ്റിയിൽ അവതരിപ്പിച്ച ശേഷം ഉടൻ തന്നെ നിർമാണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൽ ജോസഫ് രാഷ്ട്രദീപികയോടു പറഞ്ഞു.