ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിലെ പ്രവർത്തനരഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു നീക്കി. പുതിയ കംഫർട്ട് സ്റ്റേഷന്റെ നിർമാണം ഉടൻ ആരംഭിക്കും.
വർഷങ്ങൾ പഴക്കമുള്ള ഈ കംഫർട്ട് സ്റ്റേഷൻ ഒരു വർഷത്തിനു മുന്പാണ് അടച്ചിട്ടത്. സെപ്റ്റിക് ടാങ്കിൽ നിന്നും കക്കൂസ് മാലിന്യം സ്റ്റാന്റിലേക്കു ഒഴുകുകയും, ദുർഗന്ധം മൂലം യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു.
കളക്്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അടച്ചു പൂട്ടുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ബസിന് എത്തുന്ന രോഗികൾക്കും, മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യനിർവഹണം ആവശ്യമായി വരുന്പോൾ ബുദ്ധിമുട്ടുക പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്്ടർ സ്ഥലത്തെത്തി കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് അധികൃതർക്ക് ഇതു പൊളിച്ചു നീക്കി പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ബസ് സ്റ്റാന്റ് പരിസരത്ത് ഷോപ്പിംഗ് കേംപ്ലക്സ് നിർമാണം ആരംഭിക്കുന്നുണ്ട്.
ഈ കോംപ്ലക്സിൽ ആധുനിക സംവിധാനമുള്ള കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കുമെന്നും, അതുവരെയുള്ള ഉപയോഗത്തിന് താത്കാലികമായി നിർമിക്കുന്നതാണ് പുതിയ കംഫർട്ട് സ്റ്റേഷനെന്നും ഇതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു.