ഗാന്ധിനഗർ (കോട്ടയം): മാഹിൻ എന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം തന്റെ ശസ്ത്രക്രിയ കഴിഞ്ഞ കൈ ഉയർത്തി ഡോക്ടർമാരെ അഭിവാദ്യം ചെയ്തപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ഒരു പുതിയ ചരിത്രമെഴുതി.കാൻസർ ബാധിച്ച അസ്ഥിയുടെ ഭാഗം മാത്രം മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി പിടിപ്പിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പുതിയ ചരിത്രമെഴുതിയത്. തൊടുപുഴ മുതലക്കോടം പേണ്ടാനത്ത് അബ്ദുൽ കരീമിന്റെ മകൻ മാഹിൻ (21)ആണ് അപൂർവ ശസ്ത്രക്രിയയ്ക്കു വിധേയമായത്.
തൊടുപുഴ കുന്നം ദാറുൽ ഫത്തഖ് അനാഥ അഗതി മന്ദിരത്തിലെ മതപണ്ഡിത വിദ്യാർഥിയാണു മാഹിൻ. ഒരു വർഷമായി ഇടതുകൈയുടെ മുട്ടിനു മേൽഭാഗത്തായി കടുത്ത വേദനയായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം കണ്ടെത്താനോ സുഖപ്പെടുത്താനോ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ നവംബർ ആദ്യവാരം തൊടുപുഴ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധകളിൽ സംശയംതോന്നിയ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളജിലെ അസ്ഥിരോഗ മേധാവി ഡോ.എം.എ. തോമസിനെ കാണാൻ നിർദേശിച്ചു.
ഡോ. തോമസിന്റെ നേതൃത്വത്തിലുളള സംഘം വിദഗ്ധ പരിശോധനയിൽ ഇടതു തോളിനു താഴെ ഭാഗത്ത് അസ്ഥിക്കു കാൻസർ ആണെന്നു കണ്ടെത്തി. തുടർന്ന് കാൻസർ വിഭാഗം മേധാവിയുമായി ചർച്ചയ്ക്കു ശേഷം കീമോതെറാപ്പി നിർദേശിച്ചു. ഒരു മാസം കീമോ തെറാപ്പി ചെയ്തപ്പോൾ മുഴയുടെ വലിപ്പം കുറഞ്ഞു.
എന്നാൽ, ശസ്ത്രക്രിയ ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഡോക്ടർമാർ ആശങ്കയിലായി. സാധാരണ ഇങ്ങനെ കാൻസർ ബാധിച്ചാൽ ആ ഭാഗം മുറിച്ചുകളയുന്നതാണു ചികിത്സാരീതി. എന്നാൽ, മാഹിന്റെ പ്രായം കണക്കിലെടുത്തു രോഗം വന്ന ഭാഗത്തെ അസ്ഥി മാത്രം മുറിച്ചുകളഞ്ഞു കൃത്രിമ അസ്ഥി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
സാധാരണ ലിംപ് സാൾട്ടേജ് ശസ്ത്രക്രിയ കാൽമുട്ടിനു മാത്രമേ ചെയ്യാറുള്ളു. കാൻസർ ബാധിച്ച ഭാഗം മാത്രം നീക്കി പുതിയ ശസ്ത്രക്രിയ രീതി അവലംബിക്കാൻ തീരുമാനിച്ചു. ഇതിനായി വിദേശത്തുനിന്നു കൃത്രിമ അസ്ഥി കൊണ്ടുവരാൻ ശ്രമം തുടങ്ങി. അളവെടുക്കാൻ മുബൈയിൽനിന്നു വിമാന മാർഗം ഡോക്ടറെ കൊണ്ടുവന്നു.
25 സെന്റിമീറ്റർ നീളമുള്ള അസ്ഥിയിൽ 15 സെന്റിമീറ്റർ വരെ ബോണ് ട്യൂമർ ബാധിച്ചിരുന്നു. അതിനാൽ രോഗം വന്ന ഭാഗത്തിന്റെ ഇരുവശങ്ങളിൽ നിന്നും 2.5 സെന്റി മീറ്റർ നീളം അധികമായി മുറിച്ച് 20 സെന്റിമീറ്റർ നീളത്തിൽ മുറിച്ചുമാറ്റാൻ ധാരണയായി. 24നു രാവിലെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം രോഗം വന്ന അസ്ഥി മുറിച്ചെടുത്തു പരിശോധിച്ചു. അസ്ഥിയുടെ ഇരുഭാഗങ്ങളിലും 2.5 സെന്റീ മീറ്റർ നീളത്തിൽ കാൻസർ ബാധിച്ചിട്ടില്ലെന്നു ഉറപ്പാക്കിയശേഷം കൃത്രിമ അസ്ഥി വീണ്ടും നാലു മണിക്കൂർ സമയം കൊണ്ടു പിടിപ്പിച്ചു.
ഇന്നലെ രാവിലെ കൃത്രിമ അസ്ഥി വച്ചുപിടിച്ച കൈകൾ ഉയർത്തി മാഹിൻ ഡോക്ടർമാരെ അഭിവാദ്യം ചെയ്തു. ശസ്ത്രക്രിയ വിജയകരമാണെന്നും 10നും 20നും ഇടയ്ക്കു പ്രായമുള്ള കുട്ടികൾക്കു ബോണ് ട്യൂമർ കണ്ടുവരുന്നുണ്ടെന്നും ശസ്ത്രക്രിയയിലുടെ സുഖപ്പെടുത്താൻ കഴിയുമെന്നും ഡോ. എം.എ. തോമസ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ അഞ്ചു ലക്ഷം രൂപവരെ ചെലവുവരും. സർക്കാരിന്റെ കാരുണ്യ ഫണ്ടിൽനിന്നു ലഭിച്ച രണ്ടു ലക്ഷംരൂപയും ഡോക്ടർമാർ ചേർന്നു സ്വരൂപിച്ച കുറച്ചു പണവും ഉപയോഗിച്ചാണു മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യമായി നടത്തിയ ശസ്ത്രക്രിയയ്ക്കു മേധാവിയോടൊപ്പം ഡോ. നിഷാര മുഹമ്മദ്, ഡോ. സജു, ഡോ. ശ്രീജിത്ത് മേനോൻ, ഡോ. ജിന്നി ജോണ്, ഡോ. അശ്വിൻ, ഡോ. ആൽബിൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഷാന്തി, ഡോ. ഷീബ എന്നിവരുമുണ്ടായിരുന്നു.