ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍ഡ് തകർന്ന നിലയിലും സമീപത്തുള്ള കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതമായി കിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുന്നിടത്തും സ്റ്റാന്‍ഡിനുള്ളിലും ടാറിംഗ് തകർന്ന് കുഴി രൂപപ്പെട്ടിരിക്കുകയാണ്. ദിവസേന രോഗികൾ, വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാരാണ് വന്നു പോകുന്നത്.
ഒരു വർഷമാകാറായി കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിട്ട്. സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം സ്റ്റാന്‍ഡിനുള്ളിലേക്ക് ഒഴുകിയതിനെ തുടർന്നാണ് ജില്ലാ ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. ആർപ്പുക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ബസ് സ്റ്റാൻഡും, കംഫർട്ട് സ്റ്റേഷനും.പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇവ പുനർനിർമിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്തതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.