ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കൊല്ലപ്പെട്ട ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മയുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. പൊന്നമ്മയുടെ മകൾ സന്ധ്യയുടെ രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കുകയുള്ളൂ. അതുവരെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ് മൃതദേഹം.
അതേസമയം പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി കോഴഞ്ചേരി സ്വദേശി സത്യനെ ഗാന്ധിനഗർ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. പൊന്നമ്മയുടെ രണ്ടു പവൻ മാലയും ബ്രേസ്ലെറ്റും ഏലസും മോതിരവും പ്രതി കൈവശപ്പെടുത്തിയിരുന്നു. മാല കോഴഞ്ചേരിയിലെ ഒരു കടയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷന്റെ പരിസരത്തേക്ക് മോതിരം വലിച്ചെറിഞ്ഞുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഇതനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോംബ് സ്ക്വാഡ് പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊല നടത്താനുപയോഗിച്ച കന്പിവടി മൃതദേഹം കാണപ്പെട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ഓഫീസ് പരിസരത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പ്രതി പറയുന്നത്. കന്പിവടിയും മറ്റ് സ്വർണാഭരണങ്ങളും കണ്ടെത്തുന്നതിനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
നാലേകാൽ പവൻ സ്വർണം കൊല്ലപ്പെട്ട പൊന്നമ്മ തന്നെ മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിന് സമീപമുള്ള ഒരു സ്ഥാപനത്തിൽ പണയം വച്ചതായുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ് പറയുന്നതിനാൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധവും, ആഭരണങ്ങളുടെ നിജസ്ഥിതികളും മനസിലാക്കിയാൽ പ്രതിയെ വീണ്ടും കോടതിക്ക് കൈമാറും.
ശനിയാഴ്ച ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിനു പിൻഭാഗത്ത് കുടുംബശ്രീ ജീവനക്കാർ പൊന്നമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വൈകുന്നേരത്തോടെ മൃതദേഹം തിരിച്ചറിയുകയും 10 വർഷത്തിലധികമായി ഇവരോടൊപ്പം മെഡിക്കൽ കോളജ് വളപ്പിൽ താമസിച്ചിരുന്ന പ്രതിയെ പോലീസ് നിരീക്ഷിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.