അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സിഎസ്എസ് വിഭാഗത്തിലെ ജീവനക്കാരെയാണ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാം ലാലിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ ആദരിച്ചത്. ശസ്ത്രക്രിയക്കു വേണ്ട മുന്നൊരുക്കൾ നടത്തുന്ന സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെ സാധാരണയായി പുറം ലോകത്തിനറിയില്ല.
ശസ്ത്രക്രിയ തീയറ്ററിന്റെ അണിയറയിൽ ജോലി ചെയ്യുന്നവരാണിവർ. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുണികൾ, ഉപകരണങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കുന്നതിവരാണ്. കൊടും ചൂടിൽ പരിഭവങ്ങളൊന്നുമില്ലാതെ സമയബന്ധിതമായി ഉപകരണങ്ങൾ ശസ്ത്രക്രിയാ വിദഗ്ദന് നൽകേണ്ടതും ഇവരാണ്.
ഒന്നു പിഴച്ചാൽ ശസ്ത്രക്രിയ വരെ മുടങ്ങാവുന്ന ജോലി ചെയ്യുന്ന ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ പറ്റി ആർക്കും അറിയാത്തതിനാലാണ് ഇവർക്ക് ഇത്തരമൊരു അനുമോദനം നൽകുന്നതെന്ന് ശസ്ത്രക്രിയ വിഭാഗംമേധാവി കൂടിയായ സുപ്രണ്ട് ഡോ.ആർ.വി രാംലാൽ പറഞ്ഞു.സിസ്റ്റർ ബീന,മനോജ് കുമാർ,ഗോപാലകൃഷ്ണൻ നായർ, ലജീഷ്,സതീശൻ ,ജാവേദ് ഹുസൈൻ എന്നിവരെയാണ് ആദരിച്ചത്.