വൈപ്പിൻ: ശ്വാസം മുട്ടലുമായി എറണാകുളം ജനറലാശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പട്ടികജാതിക്കാരനും ദരിദ്രനുമായ മത്സ്യതൊഴിലാളി ചികിത്സ കിട്ടാതെ മരണമടഞ്ഞ സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിയിൽ നാട്ടുകാരിൽ പ്രതിഷേധം വ്യാപകമാണ്.
എടവനക്കാട് വേലിക്കകത്തുതറ തിലകൻ (63) ആണ് മരിച്ചത്. എടവനക്കാട് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും രണ്ടു ദിവസം മുന്പ് എറാണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ഇന്നലെയാണ് എറണാകുളത്ത് നിന്നും ഇയാളെ വെന്റിലേഷൻ സൗകര്യമുള്ള ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്. അവിടെ ചെന്നപ്പോൾ മുൻകൂട്ടി അറിയിട്ടില്ലെന്നും ചികിത്സക്കുള്ള സൗകര്യമില്ലെന്ന് പറഞ്ഞ് ഇയാളെ മെഡിക്കൽ കോളജ് അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചികിത്സ നൽകുകയോ ചെയ്തില്ല.
മണിക്കൂറുകളോളം ആംബുലൻസിൽ രോഗിയുമായി കാത്തുകിടന്ന ബന്ധുക്കൾ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിച്ചെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു. സ്ഥലം എംഎൽഎ എസ് ശർമ്മയുടെ ഓഫീസ് വരെ ഇടപെട്ടിട്ടും ആശുപത്രി അധികൃതർ ചികിത്സ നൽകാൻ കൂട്ടാക്കിയില്ലത്രേ. ഇങ്ങിനെ ഗുരുരതാവസ്ഥയിലുള്ള രോഗിയുമായി വരുന്ന വിവരം എറണാകുളം ജനറലാശുപത്രി അധികൃതർ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ ഭാക്ഷ്യമെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കേരള പ്രതികരണ സമിതി ആശുപത്രിക്കെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകുമെന്ന് ചെയർമാൻ എൻ.ജി. ശിവദാസ് അറിയിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായിലെ പൊതുശ്മശാനത്തിൽ നടത്തി. ഭാര്യ – വനജ. മക്കൾ – ദിലീപ്, ദ്വീപ.