കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്.
തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്.
നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു.
മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും.
ഇതിനെതിരേ സഭയില്‍ പെട്ടവര്‍ തന്നെയാണ് ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്.
ഓഫീസ് സമയം അഞ്ചു മണി വരെയാണെന്നിരിക്കേ ഇദ്ദേഹത്തിന് ജോലിക്കിടയില്‍ തന്നെ സഭപ്രവര്‍ത്തനത്തിനു പോകുവാന്‍ ഓഫീസികലെ തന്നെ മേലധികാരികള്‍ സൗകര്യം ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്.