സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ഒന്നുകിൽ ആൻജിയോപ്ലാസ്റ്റി, അല്ലെങ്കിലൊരു ബൈപാസ് സർജറി..അങ്ങിനെയെന്തെങ്കിലും ചെയ്താലേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ കത്താത്ത തെരുവുവിളക്കുകൾ അസുഖം മാറി സുഖപ്പെടുകയുള്ളു.കെ.എസ്.ഇ.ബി അധികൃതർക്ക് മെഡിക്കൽ കോളജിലേക്കുള്ള വഴി തന്നെ മറന്ന മട്ടാണ്. മാസങ്ങളായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതിപ്പെട്ടിട്ടു പോലും അവർ ഈ വഴിക്ക് വരുന്നില്ല.
തെരുവുവിളക്കുകൾ കത്താത്തതിൽ ഏറെ സന്തോഷിക്കുന്ന കൂട്ടർ ഇവിടെ അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധരാണ്. ഇരുട്ടിലാണ്ടു കിടക്കുന്ന അത്യാഹിത വിഭാഗത്തിനരികിലൂടെ രാത്രിയിൽ പോകുന്ന സ്ത്രീകൾ എന്ത് അത്യാഹിതമാണ് സംഭവിക്കുകയെന്ന പേടിയോടെയാണ് ഇതുവഴി താണ്ടുന്നത്.
കഴിഞ്ഞ ദിവസം ഒരാളെ തലക്കടിച്ച് കൊലപ്പെടുത്തിയത് മെഡിക്കൽ കോളജിലെ കാന്പസിന്റെ ഇരുട്ടുനിറഞ്ഞ ഭാഗത്താണ്. സാമൂഹ്യവിരുദ്ധർക്ക് സ്വൈരമായി മദ്യപിക്കാനുള്ള ഇടം കൂടിയാണിപ്പോൾ ഇരുണ്ട ഭൂഖണ്ഡമെന്ന് കളിയാക്കി വിളിക്കുന്ന ഇവിടം. അത്യാഹിത വിഭാഗത്തിൽ രാത്രിയെത്തുന്നവർക്ക് ലാബ് പരിശോധനകൾക്ക് പുറത്തുള്ള ലാബിലേക്ക് പോകേണ്ടി വരുന്നത് ഇരുട്ടു നിറഞ്ഞ ഈ വഴിയിലൂടെയാണ്.
ലാബുകളും ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളുമൊക്കെ സ്ഥിതി ചെയ്യുന്നിടത്തേക്ക് രാത്രി ഇതുവഴി പോവുകയെന്നതാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പേടിയാകുന്ന കാര്യം. തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ് ഇവിടെ. വൈദ്യുതി വിഭാഗത്തെ യഥാസമയം വിവരമറിയിച്ച് മെഡിക്കൽ കോളജ് കാന്പസിലെ തെരുവുവിളക്കുകൾ കത്തിക്കുകയെന്ന ഉത്തരവാദിത്വം തങ്ങളുടേതല്ല എന്ന മട്ടിലാണ് മെഡിക്കൽ കോളജ് അധികൃതരും.അതിനാൽ ഇതുവഴി രാത്രി പോകുന്നവർ വടി, ടോർച്ച് എന്നിവ കയ്യിൽ കരുതുക…