ഗാന്ധിനഗർ: ഒപി വിഭാഗം മുറിക്കുള്ളിൽ രാത്രികാലങ്ങളിൽ സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നുവെന്ന പരാതിയെതുടർന്ന് പോലീസും ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും ചേർന്ന് ഇന്നലെ രാത്രിയിൽ അന്വേഷണം നടത്തി.
കഴിഞ്ഞ ഏതാനും നാളുകളായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഒപി മുറിയ്ക്കുള്ളിൽ നിന്നു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഇന്നലെ പരിശോധന നടത്തിയതിനാൽ ഒച്ചയും നിലവിളിയും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അന്വേഷണം ആരംഭിച്ചതിനാൽ സംഘം സ്ഥലം വിട്ടു കാണുമെന്ന നിഗമനത്തിലാണിവർ. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കുമിടയിലാണ് ശബ്ദം കേൾക്കുന്നതെന്നും പറയപ്പെടുന്നു. കുറച്ചു ദിവസങ്ങളായി നിരവധി പേരാണ് നിലവിളി ശബ്്ദം ഒരേ സമയം കേൾക്കുന്നത്.
ഇതോടെയാണ് പരാതി ഉയർന്നത്. എന്നാൽ പരിശോധന നടത്തുന്പോൾ ഒന്നും കണ്ടെത്താൻ കഴിയാത്തതാണ് പലരെയും ഭയപ്പെടുത്തുന്നത്. നിലവിളി ശബ്ദം കേൾക്കുന്നതിനു അടിസ്ഥാനമില്ലെന്ന് ഒരു കൂട്ടർ പറയുന്പോൾ മറ്റൊരു കൂട്ടർ പറയുന്നത് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ ആരുടെയോ കുബുദ്ധിയുണ്ടെന്നാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഏറെ പേടിപ്പെടുത്തുന്ന സംഭവമുണ്ടായത്. വൈകുന്നേരം ഗൈനക്കോളജി ഒപി വിഭാഗത്തിന്റെ വാതിൽ പൂട്ടാൻ എത്തിയ സുരക്ഷ ജീവനക്കാരിക്കു അതിനു കഴിഞ്ഞില്ല.
ഏറെ നേരം ശ്രമിച്ചിട്ടും വാതിൽ അടയ്ക്കാൻ സാധിക്കാത്ത സാഹചചര്യമായിരുന്നു. ഇതോടെയാണ് മുറിക്കുള്ളിൽ നിന്നു സ്ത്രീയുടെ നിലവിളിയും കൂട്ടച്ചിരിയും ഉയർന്നത്. ഭയന്നു പോയ ജീവനക്കാരി ഓടി രക്ഷപ്പെടുകയായിരുന്നു.
കൂടുതൽ ആളുകൾ ശബ്്ദം കേട്ടതായി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും കളിയാക്കൽ ഭയന്നാണ് സംഭവം പുറത്ത് പറയാത്തത്. ഏതായാലും നിലവിളി ശബ്്ദത്തിന്റെ ഉറവിടം കണ്ടെത്താൻ തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
പോലീസ് എയ്ഡ് പോസ്റ്റിലെ സിപിഒമാരായ സിബി മോൻ ആന്റണി, കെ.എച്ച്. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ വിഭാഗം ജീവനക്കാരുമാണ് പരിശോധന നടത്തിയത്.