ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് കാണാനില്ല. ജീവനക്കാർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പാർട്ട്ടൈം ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ആരും ബുക്ക് എടുത്തിട്ടില്ലെന്ന് മറുപടി നൽകി. ആരെങ്കിലും ഹാജർ ബുക്ക് എടുത്തിട്ടുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം തിരിച്ചേൽപ്പിക്കുവാൻ പോലീസ് സമയം നല്കി. ഇല്ലെങ്കിൽ കേസെടുക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്.
രണ്ടു വർഷം പഴക്കമുള്ള ഹാജർ ബുക്ക് ഒരു മാസം മുൻപാണ് മോഷണം പോയത്. 26 പാർട്ട്ടൈം ജീവനക്കാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. മോഷണം പോയതറിഞ്ഞ് പാർട്ട് ടൈം ജീവനക്കാരുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ ജീവനക്കാരെ വിളിച്ചു ചോദിച്ചെങ്കിലും മോഷണം പോയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥൻ വിവരം ആശുപത്രി സൂപ്രണ്ടിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ രഹസ്യ മുറിയിൽ സൂക്ഷിക്കുന്ന സർക്കാർ രേഖ മോഷണം പോയതിനാൽ പോലീസിൽ പരാതി നൽകുവാൻ നിർദ്ദേശിക്കുകയായിരുന്നു സൂപ്രണ്ട്.
പരാതിയുടേ അടിസ്ഥാനത്തിൽ 26പേരെയും മൂന്നു ഘട്ടങ്ങളിലായി സ്റ്റേഷനിൽ വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. മോഷണം പോയതെന്ന് സംശയിക്കുന്ന ദിവസം ഈ മുറിയിൽ കയറിയ ജീവനക്കാരെ സിസിടിവി പരിശോധിച്ച ശേഷം ചോദ്യം ചെയ്തെങ്കിലും അവരാരും എടുത്തതായി പറയുന്നില്ല. എന്നാൽ പാർട്ട്ടൈം ജീവനക്കാരെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് പറ്റിയ വീഴ്ച മറച്ചുവയ്ക്കുവാൻ ജീവനക്കാരെ മോഷണക്കേസിൽ കുടുക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഹാജർ ബുക്ക് ഞങ്ങൾ അടിച്ചുമാറ്റിയിട്ട് എന്തു പ്രയോജനമെന്നും ഇവർ ചോദിക്കുന്നു.
ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ആശുപത്രി അധികൃതരുടെ സാന്നിധ്യത്തിൽ പരിഹരിക്കുവാൻ ശ്രമിക്കാതെ മോഷണക്കുറ്റം ചുമത്തി പോലീസിൽ പരാതി നൽകിയതിന് വിവിധ ജീവനക്കാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഉദ്യോസ്ഥന്റെ അശ്രദ്ധമൂലം സംഭവിച്ച കുറ്റത്തിന് അൻപതിനും അറുപതിനും മധ്യേ പ്രായമുള്ള സ്ത്രീകൾ അടക്കമുളള പാർട്ട്ടൈം ജീവനക്കാരെ ജയിലിലടയ്ക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുവാൻ സർവീസ് സംഘടന തയാറെടുക്കുകയാണ്.
ആശുപത്രി സംബന്ധമായ രേഖ മോഷണം പോയതിനാൽ താൻ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ട് പ്രയോജനം ഉണ്ടാകില്ലെന്നുള്ളതിനാലാണ് പോലീസിൽ പരാതി കൊടുക്കുവാൻ ശിപാർശ ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ പറഞ്ഞു. പാർട്ട്ടൈം ജീവനക്കാരെ സംബന്ധിച്ച് ആരെങ്കിലും വിവരാവകാശം ചോദിച്ചാൽ മറുപടി നൽകണമെങ്കിൽ കൃത്യമായ രേഖ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.