മെഡിക്കൽ കോളജിലെഗാന്ധിനഗർ: ആശുപത്രിയിൽ എത്തുന്പോൾ മദ്യത്തിന്റെ മണമുണ്ടെങ്കിൽ സൗജന്യ ചികിത്സാ പദ്ധതിയിൽനിന്ന് പുറത്താകും. അതുപോലെ മദ്യം കഴിച്ചതുകൊണ്ടുണ്ടായ രോഗമാണെങ്കിലും ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കില്ല. അടുത്ത നാളിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ നിരവധി പേർക്കാണ് മദ്യത്തിന്റെ പേരിൽ സൗജന്യ ചികിത്സ നിഷേധിക്കപ്പെട്ടത്.
പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും സന്പൂർണ സൗജന്യ ചികിത്സ ലഭിക്കേണ്ടതാണെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കന്പനിക്കായതിനാൽ അവർ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നു. റിലയൻസ് കന്പനിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേരളത്തിലെ ചുമതലക്കാർ. ഈ സ്വകാര്യ കന്പനിയുടെ ചട്ടങ്ങൾക്ക് വിധേയമാകുന്ന രോഗികൾക്കു മാത്രമേ ചികിത്സാ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കന്പനി നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ നിർദ്ദേശ പ്രകാരമാണ് രോഗികൾക്ക് ചികിത്സാ സൗജന്യം ലഭിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മുന്പ് മദ്യപിച്ചിരുന്നതിന്റെ പേരിലാണ് അസുഖമുണ്ടായതെന്ന് കണ്ടെത്തിയാൽ പിന്നെ മുഴുവൻ സൗജന്യ ചികിത്സകളും നിഷേധിക്കും. മരുന്നുകൾ വാങ്ങുവാനും സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്കും അമിതമായി ഫിസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
റോഡ് അപകടങ്ങളിൽപ്പെട്ട് വരുന്ന ഭൂരിപക്ഷം യുവാക്കളും ഗൃഹനാഥന്മാരും മദ്യപിച്ചെത്തുന്നവരാണെന്ന് ഇൻഷുറൻസ് അധികൃതർ പറയുന്നു. അപകടപ്പെട്ടയാളെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്പോൾ നടത്തുന്ന പ്രാഥമിക പരിശോധനയിൽ ആൽക്കഹോളിന്റെ മണം ഉണ്ടെങ്കിൽ ആ വിവരം ഡോക്ടർ ചീട്ടിൽ എഴുതും. ഈ വിവരം രോഗിയോടൊപ്പമുള്ളവർ അറിയുന്നില്ല.
തുടർന്ന് രോഗിക്ക് സൗജന്യ ചികിത്സയുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് കാർഡ് രജിസ്റ്റർ ചെയ്യുന്നതിനായി ആശുപത്രി രേഖയുമായി (കേസ് ഷീറ്റ്) ഇൻഷുറൻസ് കൗണ്ടറിൽ എത്തുന്പോഴാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് അറിയുന്നത്.
മുൻവർഷങ്ങളിൽ മദ്യപിച്ചതിന്റെ പേരിലും ചികിത്സ നിഷേധിക്കുന്നു. സ്വകാര്യ കന്പനിയുടെ ഈ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉണ്ടെങ്കിലും ഇതുവരെ ആരും പ്രതിഷേധിക്കുവാൻ തയാറായിട്ടില്ല.