പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ നെഫ്രോളജിസ്റ്റും ന്യൂറോളജിസ്റ്റുമില്ലാത്തതിനാൽ രോഗികള്‍ വലയുന്നു. മാസങ്ങളായി ഈ രണ്ട് സുപ്രധാന തസ്തികള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും അധികൃതര്‍ യാതൊരുവിധ ബദല്‍ സംവിധാനങ്ങളും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.
നിത്യേന അറുപതിലേറെ രോഗികൾ ഡയാലിസിസ് നടത്തപ്പെടുന്ന ഇവിടെ നെഫ്രോളജിസ്റ്റ് ദീര്‍ഘകാല അവധിയിൽ പോയതോടെ ഏറെ പ്രയാസപ്പെട്ടാണ് ഡയാലിസിസ് നടത്തുന്നത്. കൂടാതെ കിടത്തി ചികിത്സയും മുടങ്ങിയിരിക്കുകയാണ്.
ന്യൂറോളജി വിഭാഗത്തില്‍ ന്യൂറോ സര്ജന് ഉണ്ടെങ്കിലും ന്യൂറോളജിസ്റ്റ് തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ന്യൂറോളജിസ്റ്റിന്റെ സേവനം തേടി പരിയാരത്ത് എത്തുന്നവർക്ക് മംഗളൂരുവിലെയോ മറ്റിടങ്ങളിലെയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്.
മലബാറിലെ പ്രധാന ഹൃദ്രോഗ ചികിത്സാകേന്ദ്രമായ സഹകരണ ഹൃദയാലയയില്‍ ഹൃദയശസ്ത്രക്രിയകള്‍ നടക്കുന്നതിനാല്‍ നെഫ്രോളജിസ്റ്റിന്റെ പരിശോധനയും സാന്നിധ്യവും അത്യാവശ്യമാണെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എന്തുകൊണ്ട് സുപ്രധാനമായ രണ്ടു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടിയുമില്ല.