കോട്ടയം: പകർച്ചപ്പനി വർധിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വാർഡുകളിൽ ഇടമില്ല. കട്ടിലിൽ കിടക്കുന്നവരേക്കാൾ കൂടുതൽ രോഗികളാണ് തറയിൽ കിടക്കുന്നത്. പുരുഷൻമാർക്കുള്ള രണ്ട്, ആറ്, വാർഡുകളിലെ രോഗികൾക്കാണ് തറയിൽ കിടക്കേണ്ടതായി വരുന്നത്. ഇതിൽ ആറാം വാർഡിൽ ഹൃദ്രോഗം ബാധിച്ചവർ വരെ തറയിൽ കിടക്കേണ്ടി വരുന്നു.
രോഗികളുടെ വർധനവാണ് ഇതിനു കാരണം. വാർഡിനുള്ളിൽ കട്ടിലിനിരുവശവും തറയിൽ രോഗികളുണ്ട്. ഇതുമൂലം വാർഡിനുള്ളിൽ നിന്നു തിരിയാൻ ഇടമില്ല. ഇതിനു പുറമെയാണ് വരാന്തയിലും രോഗികളെ കിടത്തിയിരിക്കുന്നത്. എന്നാൽ തറയിൽ കിടക്കുന്ന രോഗികളും സന്തുഷ്ടരാണ്.
ഡോക്ടർമാരും നഴ്സുമാരും കാണിക്കുന്ന പരിചരണം അത്രയ്ക്ക് സ്നേഹം നിറഞ്ഞതാണെന്ന് രോഗികൾ പറയുന്നു. തറയിൽ കിടക്കുന്ന രോഗികളുടെ അടുത്ത് തറയിൽ ഇരുന്നാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. ജീൻസിട്ട ഡോക്ടറും ചുരിദാർ ധരിച്ച വനിതാ ഡോക്ടറും വളരെ ബുദ്ധിമുട്ടിയാണ് തറയിൽ കിടക്കുന്ന രോഗികളെ പരിശോധിക്കുന്നതെങ്കിലും ഒരു വിവേചനവും കാണിക്കാതെ എല്ലാ രോഗികളെയും വിശദമായി പരിശോധിച്ചേ ഡോക്ടർമാർ മടങ്ങു.
മെഡിക്കൽ കോളജിൽ പുതിയ കെട്ടിടം ഉടനെ തുറക്കും. ഒപി വിഭാഗങ്ങൾ പുതിയ കെട്ടിടത്തിലേക്ക മാറ്റാനാണ് തീരുമാനം. ഈ സാഹചര്യത്തിലെങ്കിലും മെഡിക്കൽ വിഭാഗത്തിന് കൂടുതൽ വാർഡുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. മുൻപ് സ്ത്രീകളുടെ മെഡിക്കൽ വാർഡായ മൂന്നാം വാർഡിലും തറയിൽ കിടപ്പുകാരുണ്ടായിരുന്നു. ഇപ്പോൾ ഒൻപതാം വാർഡ് സ്ത്രീകളുടെ മെഡിക്കൽ വാർഡായതോടെ തറയിൽ കിടപ്പുകാർ ഇല്ല.