ഗാന്ധിനഗർ: അനധികൃത സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടയാൻ പോലീസ് ഡ്യൂട്ടിയ്ക്കെത്തി. മെഡിക്കൽ കോളജിലേക്കു രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടസമുണ്ടാകുന്നതായി കഴിഞ്ഞദിവസം രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഉന്നത പോലീസ് അധികാരികൾ ഇടപെടുകയും മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിൽ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്ന രണ്ട് സിപിഒമാരിൽ ഒരാളെ റോഡിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു.
ഏതുസമയവും ഹൈവേ പോലീസും മെഡിക്കൽ കോളജ് ആശുപത്രി റോഡിന്റെ പ്രവേശന കവാടത്തിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ഹൈവേ പോലീസ് അതിർത്തിയിൽ മറ്റെന്തെങ്കിലും സംഭവമുണ്ടായെങ്കിൽ മാത്രമേ പോലീസ് വാഹനം ഇവിടെനിന്നും മാറുകയുള്ളു. മുഴുവൻ സമയവും ആശുപത്രി കോന്പൗണ്ടുകളിലും ആശുപത്രി റോഡുകളിലുമായി ഇവർ സജീവമായി രംഗത്തുണ്ട്.
ഒരു എഎസ്ഐയും ഡ്രൈവറടക്കം രണ്ടു സിപിഒമാരും പോലീസ് വാഹനത്തിൽ എപ്പോഴുമുണ്ടാകും. സ്വകാര്യബസുകൾക്ക് ഇനി ആശുപത്രി കവാടത്തിൽ നിർത്തി യാത്രക്കാരെ കയറ്റുവാൻ കഴിയുകയില്ല. ആശുപത്രി കവാടത്തിൽ സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് തടസമുണ്ടാകുന്നതായി നിരവധി പരാതി ഉണ്ടായിരിന്നു.
കഴിഞ്ഞ ദിവസം രാഷ്്ട്രദീപക സ്വകാര്യ ബസുകൾ അനധികൃത സ്റ്റോപ്പിൽ നിർത്തിയാത്രക്കാരെ കയറ്റുന്നത് ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തത്.
മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് വണ്വേ സന്പ്രദായം നിലവിൽ വന്നശേഷവും അത്യാഹിത വിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി എല്ലാ ഒപി കളിലേക്കും വാർഡുകളിലേക്കുമുള്ള റോഡിന്റെ കവാടത്തിലാണ് സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്.
റോഡിന്റെ എതിർ വശത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. സ്റ്റാൻഡിൽനിന്നും ബസ് പുറപ്പെടേണ്ട സമയത്തിന് അഞ്ചു മിനിറ്റ് മുന്പേ ഇറങ്ങി വരുന്ന സ്വകാര്യ ബസുകൾ ആശുപത്രിക്കകത്തേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിൽ നിർത്തി യാത്രക്കാരെ കയറ്റുന്നു.
ഈ സമയം രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ആശുപത്രി റോഡിലേക്ക് പ്രവേശിക്കുവാൻ കഴിയാതെ വരുന്നു. രോഗികളുമായി വരുന്ന വാഹനങ്ങൾ മാത്രമല്ല ഡോക്ടർമാർ അടക്കമുള്ള മറ്റ് ജീവനക്കാർ വാഹനത്തിൽ വന്നാലും സ്വകാര്യ ബസുകൾ ഇവിടെ നിർത്തിയാത്രക്കാരെ കയറ്റുന്നതിനാൽ ആശുപത്രിയ്ക്കകത്തേക്കുള്ള റോഡിൽ പ്രവേശിക്കുവാൻ വളരെബുദ്ധിമുട്ടുന്നു.
ആംബുലൻസുകൾ സൈറണ് മുഴക്കി വരുകയാണെങ്കിൽ മാത്രമേ റോഡിലെ പ്രവേശന കവാടത്തിൽ യാത്രക്കാരെ കയറ്റുവാനായി കാത്തുകിടക്കുന്ന ബസുകൾ വഴി മാറുകയുള്ളൂ. ഇല്ലെങ്കിൽ ഇവർ സ്റ്റാൻഡിൽനിന്നും പുറത്തേക്കു പോകേണ്ട സമയം വരെ ഈ റോഡിന്റെ പ്രവേശന കവാടത്തിൽ കിടക്കും.
പ്രവേശനകവാടം റോഡിൽ മാത്രമല്ല ആശുപത്രി കോന്പൗണ്ടിൽനിന്നു വാഹനങ്ങൾ പുറത്തേക്കു കടക്കുന്ന റോഡിൽ നിന്നിറങ്ങി വരുന്ന യാത്രക്കാരെ കയറ്റുന്നതിന് മോർച്ചറിഗെയിറ്റിനു മുൻവശത്തും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുക പതിവാണ്.
ഇതുമൂലം പലതരത്തിലുള്ള വാഹന അപകടങ്ങൾ ഉണ്ടാകാറുണ്ട്. അനധികൃത സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനെതിരെ ഗാന്ധിനഗർ പോലീസ് പലതവണ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറച്ചുദിവസം പിന്നിട്ടു കഴിയുന്പോൾ വീണ്ടും അതേ നിലപാടാണ് സ്വകാര്യ ബസ് ജീവനക്കാർ സ്വീകരിക്കുന്നത്.
24 മണിക്കൂറും വിശ്രമമില്ലാതെ രോഗികളുമായി വാഹനത്തിൽ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കുവാൻ ബന്ധപ്പെട്ട അധികൃതർ സിസി ടിവി, സ്ഥാപിക്കണമെന്നാണ് ആവശ്യം.