ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഇന്നലെ മോഷണം പോയ സ്കൂട്ടർ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടിനു നിർമാണത്തിലിരിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറാണു മോഷണംപോയത്.
കോട്ടയം സ്വദേശിയായ ഭർത്താവും ഭാര്യയും സർജറി ഒപിയിൽ എത്തിയതായിരുന്നു. ഡോക്ടറെ കണ്ടശേഷം തിരികെ എത്തിയപ്പോഴാണു സ്കൂട്ടർ നഷ്ടപ്പെട്ട വിവരമറിയുന്നത്. സ്കൂട്ടറിന്റെ നന്പർ മെഡിക്കൽ കോളജ് അധികൃതർക്കും സുര ക്ഷാ ജീവനക്കാർക്കും കൈമാറിയിരുന്നു. ഇന്നു രാവിലെ മോർച്ചറിയുടെ സമീപത്തു നിന്നുമാണു സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുരക്ഷാ ജീവന ക്കാർ കണ്ടെത്തിയത്.
ഇതോടെ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഇരുചക്ര വാഹന മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് വാങ്ങാൻ ആരംഭിച്ചശേഷം കുറഞ്ഞിരുന്ന മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. കുടുംബശ്രീക്കാർ ഫീസ് വാങ്ങുന്നതല്ലാതെ ടോക്കണ്‍ നൽകാത്തതാണു മോഷണം വർധിക്കാൻ കാരണമെന്നു ആളുകൾ പറയുന്നു.
വാഹനം പാർക്ക് ചെയ്യുന്പോൾ ഫീസ് വാങ്ങുന്നതിനായി കുടുംബശ്രീ പ്രവർത്തകർ ഉണ്ടെങ്കിലും അവർ വാഹനങ്ങൾ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇരുചക്രവാഹനങ്ങളും ഹെൽമറ്റും മഴക്കോട്ടും ഉൾപ്പെടെയുള്ളവ ആശുപത്രി കോന്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നും മോഷണം പോയിരുന്നു.