ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന് അഞ്ചു രൂപ ഫീസ് ഏർപ്പെടുത്തി. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇന്നു രാവിലെ മുതലാണ് ഫീസ് ഏർപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് ഇന്നു മുതൽ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രിയുടെ വികസന ഫണ്ട് വർധനവിനാണ് ഫീസ് ഏർപ്പെടുത്തുന്നത്. വികസന സമിതിയുടെ കീഴിൽ പുതിയതായി 400 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവർക്ക് വേതനം നൽകുന്നത് വികസന സമിതി ഫണ്ടിൽ നിന്നാണ്. ജീവനക്കാരെ നിയമിക്കുന്നതിനനുസരിച്ച് ഫീസ് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സർക്കാർ മെഡിക്കൽ കോളജിൽ എല്ലാ ചികിത്സകളും പരിശോധനകളും സൗജന്യമായി ലഭിക്കണമെന്നാണ് ചട്ടമെങ്കിലും, ആശുപത്രി വികസന സമിതി വിവിധ സ്കാനിംഗ്, രക്ത പരിശോധന, എക്സറേ, ഇസിജി തുടങ്ങിയ പരിശോധനകൾക്ക് ഫീസ് വാങ്ങുകയാണ്.
മുൻ ഭരണാധികാരികൾ ഈടാക്കിയിരുന്നതിൽ നിന്നും ഇപ്പോഴത്തെ ഭരണ സമിതി കൂടുതലായി ഫീസ് ഈടാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു രൂപ ഒപി ടിക്കറ്റിന് ഏർപ്പെടുത്തിയപ്പോൾ അതിനെതിരേ ശക്തമായ സമരം നടത്തിയവരാണ് ഇപ്പോൾ അഞ്ചു രൂപ ഏർപ്പെടുത്തിയതെന്ന് കോണ്ഗ്രസ് നേതാക്കൾ പറയുന്നു. ഈ തീരുമാനത്തിനെതിരേ ശക്തമായ സമരം ആരംഭിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് നേതാക്കൾ അറിയിച്ചു.
സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്താനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനത്തിനെതിരെ എഐവൈഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏറ്റുമാനൂർ നിയോ മണ്ഡലം പ്രസിഡന്റ് രാജേഷ് പറഞ്ഞു.