കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ തസ്തികയിൽ പുതിയതായി ആരെയും നിയമിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം നടന്ന ഇന്റർവ്യുവിൽ ഒരു യുവ ഉദ്യോഗാർഥിയെ സെലക്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും സൂപ്രണ്ട് ഓഫീസ് അധികൃതർ വ്യക്തമാക്കി.
വ്യാജരേഖയുമായി എത്തിയ യുവതി ഇന്റർവ്യുവിൽ പങ്കെടുക്കുവാൻപോലും നിൽക്കാതെ മടങ്ങിപ്പോയെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു.
കഴിഞ്ഞ ആറിനു സൂപ്രണ്ട് ഓഫീസിൽ നടന്ന പിആർഒ നിയമനത്തിനുള്ള ഇന്റർവ്യുവിൽ ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ ഒരു യുവതിക്കും ഇന്റർവ്യുവിന് ഹാജരാകുവാൻ കത്ത് അയച്ചിരുന്നുവെന്നും നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ ട്രെയിനിയായിരുന്ന അവർ പങ്കെടുക്കയും അടുത്ത ദിവസം തന്നെ ഇവരെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തുവെന്നുമായിരുന്നു ആരോപണം.
കാക്കനാട് പ്രഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച ലിസ്റ്റ് അനുസരിച്ച് എട്ട് ഉദ്യോഗാർഥികൾക്കാണ് മെഡിക്കൽ കോളജ് എച്ച്ഡിസി ഓഫീസിൽനിന്നു കത്ത് അയച്ചിരുന്നത്.
അതിൽ ആറുപേർ മാത്രമാണ് ഇന്റർവ്യുവിന് ഹാജരായത്. ആറാമത്തെ ക്രമനന്പരായി ഓഫീസിൽ രേഖപ്പെടുത്തിയിരുന്നത് ഒരു യുവ ഉദ്യോഗാർഥിയുടെ പേരായിരുന്നു.
യുവതി നൽകിയ രേഖയിൽ ആറാം ക്രമനന്പർ ഇവരുടേതായിരുന്നുവെന്നു മാത്രമല്ല ക്രമപ്രകാരമുള്ള ആറാംനന്പർ സ്ഥാനത്തുണ്ടായിരുന്ന യുവ ഉദ്യോഗാർഥി ഹാജരായതുമില്ല.
ഇന്റർവ്യുവിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു മനസിലാക്കിയ ജീവനക്കാർ യുവതിയോട് വിവരങ്ങൾ അന്വേഷിച്ചെങ്കിലും മറുപടി പറയുവാൻ തയാറാകാതെ ദേഷ്യപ്പെട്ട് ഇന്റർവ്യു ഹാളിൽനിന്നു യുവതി ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
പിറ്റേദിവസം ഡ്യൂട്ടിയിൽ പ്രവേശിച്ചെങ്കിലും ഉച്ചയോടെ ഡ്യൂട്ടിയിൽനിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് യുവതിക്ക് നൽകുകയായിരുന്നു.
തുടർന്ന്, യുവതി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. ഇന്റർവ്യുവിന് ഹാജരാക്കിയ രേഖകൾ വ്യാജമല്ലെന്നും തനിക്ക് എച്ച്ഡിസി ഓഫീസിൽനിന്നു തപാലിൽ കിട്ടിയതാണെന്നും വ്യാജമാണെങ്കിൽ ആരാണു തനിക്ക് ഈ കത്ത് അയച്ചിരിക്കുന്നതെന്നു കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയാണ് സൂപ്രണ്ടിനു നൽകിയത്.
ഇതിനെതുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടത്. അതേസമയം, ഇന്റർവ്യുവിന് ഹാജരായി സെലക്ഷൻ ലഭിച്ച യുവാവിനെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.