കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സിടി, എംആർഐ പരിശോധനകൾക്കു വിധേയരാക്കണമെങ്കിൽ പൊടിയും മഴയും വെയിലുമേറ്റ് സ്ടെ്രച്ചറിലോ വീൽ ച്ചെയറിലോ ചെളിനിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കൊണ്ടു പോകേണ്ടി വരുന്ന ഗതികേടിന് ഇനിയും അറുതിയായി യിട്ടില്ല.
കാൻസർ വാർഡിനുള്ളിലെ കെട്ടിടത്തിലാണ് റേഡിയോളജി വിഭാഗത്തിന്റെ സിടി സ്കാൻ പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിലും വിവിധ വാർഡുകളിലുമുള്ള രോഗികൾക്ക് സിടി സ്കാൻ പരിശോധനയ്ക്ക് ആശുപത്രി വളപ്പിലെ റോഡ് കടന്നു വേണം സ്കാനിംഗിനു എത്തിച്ചേരാൻ.
രോഗികളെ ബന്ധുക്കളും ജീവനക്കാരും ചേർന്ന് സ്ട്രെച്ചറിലും വീൽചെയറിലും തള്ളിക്കൊണ്ടാണ് ഇതുവഴി പോകുന്നത്. രോഗികളെ മഴ നനയാതെ കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരും ബന്ധുക്കളും ഏറെ കഷ്ടപ്പെടുകയാണ്. മഴ പെയ്യുന്പോൾ സ്ട്രെച്ചറിനു മുകളിൽ ടാർപാളിനോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചുപിടിച്ചാണു രോഗിയെ കൊണ്ടുപോകുന്നത്. ഇതിനു നിരവധി പേരുടെ സഹായം ആവശ്യമാണ്.
കാൻസർ വാർഡിന്റെ പിന്നിലുള്ള എംആർഐ കേന്ദ്രത്തിലേക്കു രോഗികളെ കൊണ്ടുപോകാനും മഴയും വെയിലും ഏൽക്കണം. മുൻപ് ഇവിടേക്ക് നാലാം വാർഡിന്റെ സമീപത്തുനിന്ന് ഒരു ഇടനാഴി ഉണ്ടായിരുന്നു. ഇത് അതീവ അപകട നിലയിലാണെന്നും കാലപ്പഴക്കം മൂലം ഏതുസമയവും ഇടിഞ്ഞുവീഴാമെന്നും പൊതുമരാമത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതാനുംമാസം മുൻപ് പൊളിച്ചുമാറ്റിയിരുന്നു.
സ്കാനിംഗ് കേന്ദ്രത്തിലേക്കുള്ള വഴിയിൽ മേൽക്കൂര സ്ഥാപിക്കുന്നതിന് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം പൊതുമരാമത്ത് എസ്റ്റിമേറ്റ് നൽകിയെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. 15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി തേടിയത്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ടു കണക്കിലെടുത്തു മേൽക്കൂര സ്ഥാപിക്കുന്നതു വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.