ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിന് സമീപം പ്രവർത്തിക്കുന്ന രണ്ടു ലിഫ്റ്റുകളും തകരാറിൽ. രണ്ട്, മൂന്ന് വാർഡുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് വഴിയാണ് വൃക്കരോഗികളെ ഡയാലിസിസിനും മറ്റു പരിശോധനകൾക്കുമായി കൊണ്ടു പോകുന്നത്.
കൂടാതെ വൃക്കരോഗികളെ കിടത്തി ചികിൽസിക്കുന്ന 26-ാം വാർഡ്, അപകടങ്ങളിൽപ്പെട്ടു നട്ടെല്ല് സംബന്ധമായ രോഗികൾ, അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീ ക ളെ കിടത്തി ചികിത്സിക്കുന്ന വാർഡ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് രോഗികളെ കൊണ്ടു പോകുന്നതും ഈ ലിഫ്റ്റ് വഴിയാണ്.
ഈ ലിഫ്റ്റുകൾ തകരാറിലായതോടെ രോഗികളെ തീവ്ര പരിചരണ വിഭാഗങ്ങളിലേക്കും വാർഡുകളിലേക്കും എത്തിക്കുന്നതിന് രോഗികളുടെ കൂടെയെത്തുന്നവരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. നിരവധി രോഗികളാണ് 24 മണിക്കുറും പ്രവർത്തിക്കുന്ന ഡയാലിസിസ് മുറിയിലേക്ക് എത്തിച്ചേരുന്നത്.
ലിഫ്റ്റുകൾ തകരാറിലായതിനാൽ പ്രധാന ശസ്ത്രക്രിയ തീയേറ്ററിന് സമീപത്തുള്ള റാന്പ് വഴി തള്ളികൊണ്ടാണ് രോഗികളെ അതാത് സ്ഥലങ്ങളിൽ എത്തിക്കുന്നത്. താഴെ നിന്നും മുകളിലേ നിലകളിലേക്ക് റാന്പ് വഴി രോഗികളെ സ്ട്രെച്ചറിലോ, വീൽ ചെയറിലോ തളളിക്കൊണ്ടു പോകാൻ ജീവനക്കാർക്ക് പോലും ഭയമാണ്.
രോഗിയെ വീൽ ചെയറിലോസ് സ്ട്രെച്ചറി ലോ തള്ളി കയറ്റുന്പോൾ അൽപം ശ്രദ്ധ വിട്ടു പോയാൽ രോഗിയേയും വഹിച്ചുകൊണ്ടുള്ള വാഹനം താഴോട്ട് ഉരുണ്ട് പോകും. അതിനാൽ വളരെ ജാഗ്രതയോടു കൂടി വേണം രോഗികളെ താഴത്തെ നിലകളിൽ നിന്നും മുകളിലുള്ള നിലകളിലേക്ക് എത്തിക്കുവാൻ.
രോഗിയെ തള്ളിക്കൊണ്ടു പോകാൻ ജീവനക്കാരെത്തിയില്ലെങ്കിൽ കൂട്ടിരിപ്പുകാർക്ക് നിശ്ചിത സ്ഥലങ്ങളിലേയ്ക്ക് കൊണ്ടു പോകാൻ വാഹനം തള്ളുന്ന പരിചയക്കുറവു മൂലം മണിക്കുറുകൾ കാത്ത് നിന്നശേഷം ജീവനക്കാരെത്തിയാണ് രോഗികളെ യഥാസ്ഥലങ്ങളിൽ എത്തിക്കുന്നത്. അതിനാൽ രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്്ടിക്കുന്ന തള്ളിക്കൊണ്ടു പോകൽ അവസാനിപ്പിക്കുവാൻ ലിഫ്റ്റിന്റെ തകരാറുകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.