കോട്ടയം: മെഡിക്കൽ കോളജിനു സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നതാണെന്ന് അപ്പർകുട്ടനാട് വികസന സമിതി യോഗം വിലയിരുത്തി. അതിനാൽ എത്രയും വേഗം ആരോഗ്യ വകുപ്പും സർക്കാരും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുറം തള്ളുന്ന ബയോ മാലിന്യങ്ങൾ കലർന്ന് ജലസ്രോതസുകളും കിണറുകളും മലിനപ്പെടുന്നതാണ് പകർച്ച വ്യാധികൾ അടക്കമുള്ള രോഗങ്ങൾ പടരാനിടയാക്കുന്നത്.
മെഡിക്കൽ കോളജിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് ആർപ്പൂക്കര പഞ്ചായത്തിലെ കോനാകരി തോട്ടിലേക്കും പാടശേഖരങ്ങളിലേക്കുമാണ്. ഏതാനും വർഷം മുൻപ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചപ്പോൾ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മെഡിക്കൽകോളജിൽ നിന്ന് പുറംതള്ളുന്ന മാലിന്യമാണ് വില്ലനെന്നായിരുന്നു.
ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പു ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുന്നിന് നടപടി സ്വീകരിക്കണമെന്ന് അപ്പർകുട്ടനാട് വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അജി കെ ജോസ് അധ്യക്ഷത വഹിച്ചു. കുഞ്ഞ് കളപ്പുര, ആർപ്പൂക്കര തങ്കച്ചൻ, വിനോദ് ചാമക്കാല, എം.കെ.അശോകൻ, സാൽവിൻ കൊടിയന്തറ തുടങ്ങിയവർ പ്രസംഗിച്ചു.