കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി പരിഷ്കരണം ആരംഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും രോഗികളുടെയും ജീവനക്കാരുടെയും ദുരിതം അവസാനിക്കുന്നില്ല. മികച്ച പദ്ധതിയാണെങ്കിലും നടപ്പില്‍ വരുത്തുന്നതിലെ പാകപ്പിഴവാണ് രോഗികള്‍ക്ക് ദുരിതമാകുന്നത്. ആധാര്‍ വിവരങ്ങളുള്‍പ്പെടെ രോഗിയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന തരത്തിലാണ് ഒപിയില്‍ ഏപ്രില്‍ ഒന്നിന് പുതിയ സംവിധാനം നിലവില്‍ വന്നത്. ജീവനക്കാര്‍ അധിക സമയം ജോലി ചെയ്താണ് ഒപി ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുന്നത്.
ഒപിയില്‍ നിന്നും ശീട്ടെടുത്ത് ഡോക്ടറെ കാണാന്‍ എത്തുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇവര്‍ പിന്നെ അടുത്ത ഒപി ദിവസം വരേണ്ട അവസ്ഥയാണ്. കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരുടെ സാങ്കേതികമായ അറിവില്ലായ്മയും കമ്പ്യൂട്ടര്‍ പരിജ്ഞാനക്കുറവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം എന്‍ഐടി അധികൃതരുടെ സേവനം കുറച്ചുനാളായി ഒപിയില്‍ ലഭ്യമാണെങ്കിലും അതും പൂര്‍ണ തോതില്‍ വിജയം കണ്ടിട്ടില്ല.
രാവിലെ എട്ടുമുതലാണ് ഒപി ശീട്ട് വിതരണം ആരംഭിക്കുന്നതെങ്കിലും പുലര്‍ച്ചെ അഞ്ച് മുതല്‍ തന്നെ രോഗികളെത്തും.എട്ടാവുമ്പോഴേക്കും ഹാള്‍ നിറഞ്ഞ്കവിയും. എവിടെയാണ് വരി നില്ക്കണ്ടതെന്നുപോലും കൃത്യമായി ഇവര്‍ക്ക് അറിയാനാകുന്നില്ല.ഇതുസംബന്ധിച്ച സൂചനാബോര്‍ഡുകളും ഇവിടെയില്ല.
സ്റ്റാഫ് പാറ്റേണ്‍ മാറ്റാതെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിനിലനില്ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ജീവനക്കാരുടെ സ്വന്തക്കാരായി ഒപി ടിക്കറ്റ് “ചുളുവില്‍’ കൈക്കലാക്കുന്നവരും ഏറെ.
സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപിയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം. ഗുരുതരമായ അസുഖം ബാധിച്ചവരെത്തുന്ന ഇവിടെ ജീവനക്കാരുടെ ഇടപെടല്‍ മാത്രമാണ് ആശ്വാസം.ഒപി ശീട്ട് ലഭിച്ചാല്‍പോലും വീണ്ടും രജിസ്ട്രേഷനായി വരി നില്‍ക്കേണ്ടി വരുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. ഒപി നമ്പര്‍ ഉപയോഗിച്ച് രോഗിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയും.
ഇതോടെ വേഗത്തില്‍ കൃത്യമായി ചികിത്സ രോഗിക്ക് ലഭിക്കും. ഒപി ശീട്ട് കൊടുക്കുന്ന ജീവനക്കാരും പ്രതിസന്ധിയിലാണ്. മുമ്പ് ചെയ്ത ജോലിയുടെ മൂന്നിരട്ടി ജോലിയാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കുള്ളത്. അധിക സമയം ജോലിചെയ്താണ് ഒപി ശീട്ട് വിതരണം സാധ്യമാക്കുന്നത്.
പേരും വയസും സ്ഥലവും മാത്രമായിരുന്നു മുമ്പ് രേഖപ്പെടുത്തിയിരുന്നത്. ഒരു ഒപി ശീട്ട് കൊടുക്കുന്നതിന് പരമാവധി ഒരു മിനിട്ട് എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നും നാലും മിനിട്ടാകും. ഇപ്പോള്‍ പേര്, വയസ്, സ്ഥലം, പോസ്റ്റ് ഓഫീസ്, സിറ്റി, സംസ്ഥാനം, ജില്ല, പിന്‍കോഡ്, റേഷന്‍കാര്‍ഡ് വിഭാഗം, ആധാര്‍, യൂണിറ്റ് എന്നിവയെല്ലാം രേഖപ്പെടുത്തേണ്ടതുണ്ട്.