കോഴിക്കോട്: മെഡിക്കല് കോളജ് ആശുപത്രിയില് പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന് പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപയ്ക്കെതിരേ ഇന്ന് മെഡിക്കല് കോളജ് പോലീസ് കേസെടുത്തേക്കും.
ഇവരുടെ മൊഴി ഒന്നുകൂടി രേഖപ്പെടുത്തിയശേഷമായിരുക്കും നടപടി. ഇവര് അതിജീവിതയുമായി സംസാരിച്ചതിനുള്ള തെളിവും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരെയാണു പ്രധാനമായും മൊഴിമാറ്റാന് നിയോഗിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.മെഡിക്കല് കോളജ് ആശുപത്രിയില് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്.
ഈ കേസിലെ പ്രധാന പ്രതിയായ ആശുപത്രി ജീവനക്കാരന് പ്രതി വടകര സ്വദേശി കെ. ശശീന്ദ്രന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന് യുവതിയുടെ മൊഴി മാറ്റാന് ശ്രമിച്ചവരാണ് ഇപ്പോള് കുടുങ്ങിയിട്ടുള്ളത്.
സസ്പെന്ഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ചു പേര്ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ല വകുപ്പുകള് പ്രകാരം കേസെടുത്തിരുന്നു.
സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചു, മൊഴിമാറ്റാന് പ്രേരിപ്പിച്ചു എന്നിവയാണു കുറ്റങ്ങള്. പരാതി പിന്വലിക്കാന് കടുത്ത സമ്മര്ദം ഉണ്ടെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തല്.
കേസ് പിന്വലിക്കാന് സമ്മര്ദവും ഭീഷണിയും ഉണ്ടെന്ന് അതിജീവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് സൂപ്രണ്ടിനു പരാതിയും നല്കി.
തുടര്ന്ന് അതിജീവിതയെ സമ്മര്ദപ്പെടുത്തിയ ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കി സൂപ്രണ്ട് സര്ക്കുലര് ഇറക്കി.
ഇതിനു പിന്നാലെ മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇവര്ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.