ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയുടെ കൊലപാതകത്തെ തുടർന്ന് ആശുപത്രിയിലെ അനധികൃത കച്ചവടക്കാരെയും താമസക്കാരെയുമെല്ലാം അടിച്ചു പുറത്താക്കിയെങ്കിലും ചില വിരുതൻമാർ തന്ത്രപൂർവം വാർഡുകളിൽ കറങ്ങുന്നു. മറ്റു ചിലർ ഗൈനക്കോളജി വിഭാഗത്തിനു സമീപം തന്പടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിരവധി മോഷണങ്ങളാണ് ആശുപത്രിക്കുള്ളിൽ നടന്നത്. രോഗികളെ കബളിപ്പിച്ച് പണം അടിച്ചു മാറ്റുന്നവരും വാർഡുകളിൽ കറങ്ങുന്നുണ്ട്.
രണ്ട് മോഷ്ടാക്കളെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ആരും രേഖാമൂലം പരാതി നൽകാതിരുന്നതിനാൽ ഇവർക്കെതിരെ കേസ് എടുക്കുവാൻ കഴിയാതെ പോലീസിന് പറഞ്ഞു വിടേണ്ടി വന്നു. ആശുപത്രി വളപ്പിലെ കൊലപാതകത്തിനു ശേഷം കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും കർശനമായി നിയന്ത്രിക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധ ശല്യം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ ഇവർ പുതിയ സ്ഥലം കണ്ടെത്തിയിരിക്കുകയാണെന്ന് ചില ജീവനക്കാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഗൈനക്കോളജി മന്ദിരത്തിന്റെ ഇടത് ഭാഗത്ത് കുറ്റിക്കാടുകളും മണ്ണ് എടുക്കുന്ന അഴത്തിലുള്ള കുഴികളുമുള്ളതിനാൽ കഞ്ചാവ് വില്പനക്കാർ അടക്കമുള്ളവർ ഈ ഭാഗത്ത് താവളം ഉറപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളജ് ഹയർ സെക്കന്ററി സ്കൂളിന്റെ വലതു ഭാഗത്ത് മതിൽക്കെട്ടോ കന്പിവേലികളോ ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഗൈനക്കോളജി ഭാഗത്ത് പോലീസും സെക്യൂരിറ്റിക്കാരും എത്തുന്പോൾ സാമൂഹ്യ വിരുദ്ധർ ഈ ഭാഗത്തു കൂടി ചാടി അന്പലക്കവലവഴി രക്ഷപ്പെടുകയാണ്.
അതിനാൽ കാൻസർ വാർഡിന്റെയും, ഗൈനക്കോളജി മന്ദിരത്തിന്റെയും പിൻഭാഗത്തുള്ള (ഉണ്ണിയേശു റോഡ്) റോഡ് കൂടി പോലീസ് നിരീക്ഷണമുണ്ടായാൽ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ മോഷ്ടാക്കളെയും സാമൂഹ്യ വിരുദ്ധരെയും ഒതുക്കുവാൻ കഴിയുമെന്ന് ജീവനക്കാർ പറയുന്നു.