കോഴിക്കോട്: നിർധനരോഗികൾക്ക് കുറഞ്ഞചിലവിൽ താമസിക്കാൻ തയ്യാറാക്കിയ സംരക്ഷണകേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു. ദിവസേന മെഡിക്കൽ കോളജിലെത്തേണ്ടി വരുന്ന രോഗികൾക്ക് യാത്ര ഒഴിവാക്കി കുറഞ്ഞചിലവിൽ താമസിക്കാനാണ് കേന്ദ്രം ഒരുക്കിയത്. കിഡ്നി, കാൻസർ ബാധിതരായ രോഗികൾക്ക് ദിവസേന ആശുപത്രിയിലെത്തേണ്ടി വരും.
അത്തരക്കാർ ഇവിടെയാണ് രാത്രി കിടക്കുന്നത്.45 സ്ത്രീകൾക്കും 50 പുരുഷൻമാർക്കും താമസിക്കാനുള്ള വാർഡുകളാണ് ഇവിടെയുള്ളത്. ഒരാളിൽ നിന്നും 20രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ 300 രൂപമുതൽ മുകളിലേക്കാണ് തുക എന്നതിനാൽ സംരക്ഷണകേന്ദ്രം രോഗികൾക്ക് അനുഗ്രഹമാണ്.
ആശുപത്രി വികസന സമിതിയാണ് കേന്ദ്രം നടത്തുന്നത്. കെട്ടിടം പണിതു എന്നല്ലാതെ ദൈന്യംദിനകാര്യങ്ങൾ ഇവർ ശ്രദ്ധിക്കാറില്ല. മെഡിക്കൽ കോളേജിലെ ഏറ്റവും താഴെ കിടക്കുന്നതിനാൽ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം ഇവിടെയാണ് എത്തിച്ചേരുക. മലിനജലം ഒലിച്ചിറങ്ങി കിണർ ഉപയോഗശൂന്യമായി. ജനലുകളും വാതിലും തകർന്നു. തണുപ്പ് കയറാതിരിക്കാൻ കാർബോഡ് ഷീറ്റ് വെച്ച് താൽകാലികമായി അടച്ച നിലയിലാണ്.
വാർഡുകളിൽ പല വിളക്കുകളും കത്താറില്ല.പലപ്പോഴും രോഗികളാണ് ബൾബുകൾ വാങ്ങിയിടുന്നത്.പരിതാപകരമായ സാഹചര്യത്തിലും ബെഡുകളൊന്നും ഒഴിവില്ല.കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കേന്ദ്രത്തിന്റെ നാശത്തിന് കാരണം.വികസന സമിതി കേന്ദ്രത്തിനോട് അവഗണന തുടരുകയാണെങ്കിൽ ഏറെ വൈകാതെ കെട്ടിടം ഉപയോഗശൂന്യമാകും.