ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ പുല്ലുപിടിച്ചു കിടന്ന നടപ്പാത സഞ്ചാരയോഗ്യമാക്കി. നടപ്പാത പുല്ലു പിടിച്ചു കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടുന്നതായി കഴിഞ്ഞ ദിവസം രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി.
ഏകദേശം എട്ടു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടൈൽസ് പാകി നിർമിച്ച നടപ്പാതയാണ് പുല്ലു പിടിച്ച് കിടന്നിരുന്നത്.
ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കരാറുകാരന്റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ എത്തിയാണ് നടപ്പാതയിലെ കാടുകൾ വെട്ടിത്തെളിച്ചത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ നിന്നു നീക്കം ചെയ്തു.
കെഎസ്ഇബി ഉദ്യോഗസ്ഥർ ഇവിടെയിട്ടിരുന്ന കേബിളുകൾ ഉൾപ്പെടെയുള്ളവയും അധികൃതർ ഇന്നലെ എത്തി നീക്കം ചെയ്തു. ഇനി പേടി കൂടാതെ ആളുകൾക്കു നടപ്പാതയിലുടെ പോകാം.