തട്ടിപ്പുസംഘങ്ങളുടെ കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളജ്; സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ത്രീകളും;നിസാരരോഗങ്ങളുടെ പേരില്‍ ചീട്ടെടുത്ത് വാര്‍ഡില്‍ ചികിത്സതേടിയണ് തട്ടിപ്പു നടത്തുന്നത്

ktm-medicalcollegeകോട്ടയം: ദിവസവും പലതരം തട്ടിപ്പുകള്‍ നടക്കുന്ന സ്ഥലമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. ആശുപത്രിയിലെത്തുന്ന രോഗികളും ഇവരെ സഹായിക്കാനെ ത്തുന്ന സഹായികളുമാണ് തട്ടിപ്പിനിരകളാകുന്നത്. അതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന സ്ത്രീകളെ വലയിലാക്കി മോഷണവും മറ്റുപ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘവും സജീവമാണ്. അപകടത്തെ തുടര്‍ന്നോ മറ്റു രോഗങ്ങള്‍ മൂലമോ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിക്ക പ്പെടുന്നവരുടെ മേലാണ് തട്ടിപ്പുസംഘത്തിന്റെ ശ്രദ്ധ ആദ്യം പതിയുന്നത്. പിന്നീട് ഇവരുടെ കാര്യങ്ങള്‍ സംഘം നിരീക്ഷിക്കും.

ഇവരെ സഹായിക്കാനെന്ന വ്യാജേന ഏതെങ്കിലും സംഘടനയുടെയോ മറ്റോ പേരു പറഞ്ഞ് ഇവര്‍ പരിചയം സ്ഥാപിക്കും. രോഗിയുടെ സഹായിയായി നില്‍ക്കുന്ന സ്ത്രീകളെ പരിചയപ്പെടുന്നത് സംഘത്തിലെ സ്ത്രീകള്‍ തന്നെയായിരിക്കും. പിന്നീട് തട്ടിപ്പു സംഘത്തിലെ പുരഷ കഥാപാത്രം രംഗത്തുവരും. പിന്നീട് സഹായങ്ങളുടെ പ്രവാഹമായിരിക്കും. അങ്ങനെ രോഗിയുടെയും സഹായിയുടെയും പ്രീതി പിടിച്ചുപറ്റും. അതിനുശേഷം രോഗിയുടെയും സഹായിയുടെയും ആഭരണങ്ങളും വിലപ്പിടിപ്പുള്ള പല വസ്തുക്കളും ഇവര്‍ അടിച്ചു മാറ്റി സ്ഥലം വിടും.

തട്ടിപ്പുകാരുടെ സംഘത്തില്‍ അകപ്പെടുന്ന സ്ത്രീകള്‍ വീണ്ടും ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി രംഗത്തിറങ്ങുകയാണ് പതിവ്. വ്യക്തമായ തെളിവുകളോടെ പോലീസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പു സംഘം ഇവരെ വീണ്ടും സമീപിക്കുന്നത്. പലപ്പോഴും ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തുന്ന സ്ത്രീകളെ ഇത്തരം സംഘങ്ങള്‍ പിന്തുടരാറുണ്ട്. മാസങ്ങള്‍ക്കു മുമ്പു സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയ വൃദ്ധ ദമ്പതികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊടുപുഴ കരിമണ്ണൂര്‍ തൂങ്കുഴിയില്‍ തോമസ്(80), ഭാര്യ ലില്ലി (75) എന്നിവരാണ് പിടിയിലായത്.

ആശുപത്രികളാണ് ഇവരുടെ പ്രധാനകേന്ദ്രം. രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും പരിചയപ്പെടുകയാണ് ആദ്യ പടി. ആദ്യം രോഗം അന്വേഷിക്കും. പിന്നെ രോഗ വിവരം തിരക്കും. കൂടെ ആശ്വാസം പകരും. വല്ല സഹായവും വേണമെങ്കില്‍ പറയണം എന്നു കൂടി പറയുന്നതോടെ ഏതു രോഗിയും ഇവരോടു ബന്ധം സ്ഥാപിച്ചു പോകും. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച പ്രായംചെന്ന അമ്മമാരെ കണ്ടാല്‍ തന്ത്രപരമായി അവരെ വീഴ്ത്തും. തൊട്ടടുത്ത വാര്‍ഡില്‍ മകനോ മകളോ കിടപ്പുണ്ടെന്നു പറഞ്ഞാണ് പരിചയപ്പെടല്‍. പിന്നെ അമ്മച്ചിക്കും കൂടെയുള്ളവര്‍ക്കും പരമാവധി സഹായം ചെയ്യും. പണം വരെ കൊടുത്തു സഹായിക്കാന്‍ ഇവര്‍ തയാറാണ്.

ഇതിനിടയില്‍ എന്തെങ്കിലും തന്ത്രം പറഞ്ഞ് അമ്മമാരുടെ മാല കൈക്കലാക്കി നിമഷനേരങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ മുങ്ങും. ഇതായിരുന്നു ഇവരുടെ മോഷണ രീതി. നിസാരരോഗങ്ങളുടെ പേരില്‍ ചീട്ടെടുത്ത് വാര്‍ഡില്‍ ചികിത്സതേടുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഇവിടെ കിടന്നാണ് സ്ത്രീകളെ കണ്ടെത്തുന്നതും വലയിലാക്കുന്നതും. പലപ്പോഴും ഈ വിവരങ്ങള്‍ രോഗിയോ മറ്റു ബന്ധുക്കളോപോലും അറിയില്ല എന്നതാണ് വാസ്തവം.

തട്ടിപ്പു നടത്തുന്ന എട്ടോളം സ്ത്രീകളെ ആറ് മാസത്തിനുള്ളില്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ അറസ്റ്റിലായതിനുശേഷവും ചിലസംഘങ്ങള്‍ സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞത്. തട്ടിപ്പു സംഘത്തെ തിരിച്ചറിയാന്‍ കഴിയാത്തതു പോലീസ് സംഘത്തെ കുഴയ്ക്കുന്നുണ്ട്. തട്ടിപ്പു സംഘങ്ങള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റായിരിക്കും. ഇതാണ്  പോലീസിനെ ഏറെ കുഴയ്ക്കുന്നത്.

Related posts