മുളങ്കുന്നത്തുകാവ്: നാടു മുഴുവൻ നിപ്പയെ പേടിച്ച് ശുചീകരണത്തിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്യുന്പോൾ, പനി പരുത്തുന്ന ആതുരാലയമായി ത്യശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മാറുന്നു. ആശുപത്രി വാർഡുകൾക്ക് സമീപത്തെ കുറ്റിക്കാടുകളാണ് കൊതുകിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഒരാൾ ഉയരത്തിലാണ് പുല്ലും പാഴ്ച്ചെടികളും വളർന്ന് നിൽക്കുന്നത്. ഇവിടെ കൊതുകും കൂത്താടിയും മുട്ടയിട്ട് പെരുകുകയാണ്.
ഇഴജന്തുക്കളും ഇവിടെയുണ്ട്. കടുത്ത കൊതുകു ശല്യമാണ്. പ്രസവ വാർഡും, കുട്ടികളുടെയും മുതുർന്നവരുടെയും വാർഡുകളും ഇതിനടുത്താണ്. മാത്രമല്ല സർജറി, മെഡിസിൻ, ന്യൂറോ സർജറി, മൾട്ടിപ്ലനറി മെഡിസിൻ തുടങ്ങിയ ഐസിയുവുകളും അടുത്തു തന്നെയാണ് പ്രവർത്തിക്കുന്നത്.
ദിവസങ്ങൾക്കു മുന്പാണ് ഫാർമസിയിലെ മരുന്നുപെട്ടിയിൽ നിന്നും പാന്പിനെ കണ്ടെത്തിയത്. ആശുപത്രിയുടെ പല ഭാഗത്തും ഇവയുടെ സാമീപ്യമുണ്ട്. ആശുപത്രിയിലെ വിവിധ ബ്ലോക്കുകൾക്കും വാർഡുകൾക്കും ഇടയിലുള്ള ചെറുകാടുകളും രോഗികൾക്ക് ഭീഷണിയായിരിക്കയാണ്. സാധാരണ മഴയക്ക് മുന്പ് ഇവ വെട്ടിനിരത്തി പരിസരം ശുചീകരിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇത്തവണ ഇത്തരം നടപടികൾ ഉണ്ടായിട്ടില്ല.
ലോക പരിസ്ഥിതി ദിനാരചണത്തിന് ഇവിടെ വ്യത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പിലായില്ല. സന്നദ്ധ സേവന പ്രവർത്തകരുടെ സേവനവും ഉണ്ടായില്ല. ആയിരക്കണക്കിന് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് വിദ്യാർഥികളും അതിനേക്കാൾ കൂടുതൽ ജീവനക്കാരും ഉള്ള മെഡിക്കൽ കോളജിൽ ഇവർ പത്തുമിനിറ്റ് ഒരു സേവനം നടത്തിയാൽ ഇത്തരം പുൽക്കാടുകൾ നീക്കം ചെയ്യുവാൻ സാധിക്കുമെന്നാണ് വ്യാപകമായ ചർച്ച.
പക്ഷേ അവരിലെ സന്നദ്ധ സേവന പ്രവർത്തനവും ഐക്യവും ഇല്ലാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് പറയുന്നു. കഴിഞ്ഞ രണ്ടിന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നിപ്പ വൈറസും മറ്റു ഇതര പനികളെ സംബന്ധിച്ചും ചർച്ച ചെയ്യാൻ മന്ത്രി എ.സി. മൊയ്തീൻ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാരായ സർവീസ് സംഘടന പ്രവർത്തകർപോലും മന്ത്രി പങ്കെടുത്ത ദിനാചരണ പരിപാടിയിൽ പങ്കെടുത്തില്ലെന്നു പറയുന്നു.