മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്. നിലവിലുള്ള ജീവനക്കാരിൽ പലരും ജോലി രാജിവെച്ച് മറ്റിടങ്ങളിലേക്ക് പോകുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം രണ്ടു പേർ ജോലി രാജിവെച്ച് സ്വകാര്യ സ്ഥാപനത്തിലേക്ക് പോയി.
60 സുരക്ഷാജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ 27 പേർ മാത്രമേയുള്ളു. തുച്ഛമായ വേതനമാണ് സുരക്ഷാജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റിടങ്ങളിൽ 650 രൂപ നൽകുന്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ 350 രൂപ മാത്രമാണ് മുൻപട്ടാളക്കാരായ സുരക്ഷാജീവനക്കാർക്ക് നൽകുന്നത്.
ഇതിൽ കാലാനുസൃതമായ വർധനവ് വരുത്താനും ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല. പട്ടാളത്തിലുള്ളതിനേക്കാൾ കടുത്ത നിയമങ്ങളും നിബന്ധനകളുമാണ് മെഡിക്കൽ കോളജിലെന്നതും ഇവിടം വിടാൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ട്. ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാജീവനക്കാരില്ലാത്തത് വൻസുരക്ഷ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അത്യാഹിത വിഭാഗത്തിൽ മൂന്നുപേർ വേണ്ടതിന് പകരം ഒരാളെയുള്ളു. ഗേറ്റിൽ നിന്ന് ആളുകളെ നിയന്ത്രിക്കുകയും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഓടിച്ചെന്ന് പ്രശ്നം തീർക്കുകയും ഡോക്ടർമാരുടെ കാർ പാർക്കിംഗ് ഏരിയ മറ്റാരും കയ്യേറാതിരിക്കാൻ കാവൽനിൽക്കേണ്ടതും ഈ ഒരാൾ തന്നെയാണ്.
സുരക്ഷജീവനക്കാരില്ലാത്തതുകൊണ്ട് സന്ദർശകർ ഇഷ്ടംപോലെ വാർഡുകളിലും മറ്റും കയറിയിറങ്ങുന്നുണ്ട്. രോഗികളെ പരിശോധിക്കാനായി ഡോക്ടർമാർ റൗണ്ട്സിനെത്തുന്പോൾ പോലും വാർഡുകളിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നത് പരിശോധനക്കു പോലും തടസമാകുന്നുണ്ട്. സന്ദർശകപാസ് വഴി സന്ദർശകരെ കർശനമായി നിയന്ത്രിക്കുകയും അതുവഴി വരുമാനം വർധിപ്പിക്കുകയും ചെയ്യാം.