ഗാന്ധിനഗർ: ചികിത്സാ പിഴവ് ആരോപിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയേയും ഡോക്ടർമാ രെയും ക്രൂശിക്കുന്നവരുടെ ശ്രദ്ധ ആശുപത്രിയിലേക്ക് കുറച്ച് വെന്റിലേറ്റർ സംഘടിപ്പിച്ചു നൽകുന്ന കാര്യത്തിൽ കൂടിയുണ്ടായാൽ നന്ന്. എന്തൊക്കെ വിമർശനം ഉന്നയിച്ചാലും ആശുപത്രി വളരുകയാണ്. പാവപ്പെട്ടവർ മാത്രമല്ല, പണമുള്ളവരും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കാഴ്ചയാണ്. കിടത്തി ചികിത്സിക്കേണ്ട രോഗികളുടെ എണ്ണം ഒാരോ ദിവസവും കൂടി വരുന്നതല്ലാതെ കുറയുന്നില്ല.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വെന്റിലേറ്റർ ഇവിടെ ഇല്ലായെന്നത് ഗൗരവത്തോടെ കാണണം. വെന്റിലേറ്റർ സൗകര്യം ലഭിക്കാതെ പോയതിന്റെ പേരിൽ ഇനിയൊരു രോഗിയും മരണത്തിലേക്ക് പോവരുത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വെന്റിലേറ്റർ സ്ഥാപിക്കാൻ സർക്കാരും ശ്രദ്ധിക്കണം. വെന്റിലേറ്റർ സൗകര്യം വർധിച്ചാൽ ഗുരുതരമായ രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കും. അവർ മരണത്തിലേക്ക് പോകുന്നത് തടയാനുമാവും.
ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരേ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന ആക്ഷേപങ്ങൾ ഒഴിവാക്കുകയും ചികിത്സാ നിഷേധമെന്ന പതിവ് ആരോപണം ഇല്ലാതാക്കുകയും ചെയ്യാം. ഇപ്പോൾ മെഡിക്കൽ കോളജിൽ വെൻറിലേറ്റർ ആവശ്യമായി വരുന്ന രോഗികളെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് പറഞ്ഞു വിട്ട ശേഷം ഒഴിവ് വരുന്നതിന് അനുസരിച്ച് ഇവരെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ വിളിക്കുകയാണ് പതിവ് രീതി.
എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞു വിടുന്പോൾ ചട്ടം പാലിക്കപ്പെടാത്തതാണ് പരാതിക്കും ആരോപണങ്ങൾക്കും കാരണമാകുന്നത്. രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പറഞ്ഞയയ്ക്കുന്പോൾ മെഡിക്കൽ കോളജിൽ വെന്റിലേറ്റർ ഉണ്ടോയെന്ന് അന്വേഷിക്കേണ്ട ചുമതല ആശുപത്രി അധികൃതർക്കാണ്. പലരും അത് ചെയ്യാറില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ 100 വെന്റിലേറ്റർ മാത്രമാണുള്ളത്. അതിൽ പത്തുവീതം ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലുമാണ്. ശേഷിക്കുന്ന 80 വെന്റിലേറ്റർ മാത്രമാണുള്ളത്. ഇതാണ് കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങൾക്കായി ഉള്ളത്.
1800 മുതൽ 2000 രോഗികൾ വരെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വെന്റിലേറ്ററിന്റെ എണ്ണം വർധിപ്പിക്കണമെന്നാണ് ആവശ്യം.