കോട്ടയം: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തി പിടിയിലായ കിടങ്ങൂർ സ്വദേശി റിജേഷിന് മെഡിക്കൽ കോളജിൽ സഹായികളുണ്ടെന്ന് സൂചന.ഡോക്ടറുടെ എംബ്ലം വച്ച കാറിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ഒരു ലക്ഷം രൂപ വാങ്ങി നഴ്സിനെ കബളിപ്പിച്ചതാണ് റിജേഷിനെതിരേ ഒടുവിൽ പുറത്തു വന്ന പരാതി. ഈസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു.
മെഡിക്കൽ കോളജിൽ അഡ്മിറ്റായ ഒരു രോഗിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്താണ് ഇയാൾ നഴ്സിന്റെ കുടുംബത്തിന്റെ പ്രീതി സന്പാദിച്ചത്. ഒടുവിൽ നഴ്സിന് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങളം സ്വദേശിനിയായ നഴ്സിന്റെ ബന്ധുവാണ് ആശുപത്രിയിൽ കിടന്നത്. രോഗിക്ക് വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ റിജേഷ് ആണെന്ന് പരാതിക്കാരൻ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
ഇതോടെയാണ ്മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്ക് സഹായം ചെയ്യാനുള്ള ആളുകളുണ്ടെന്ന സംശയം ഉയർന്നത്. അത് ആരാണ് എന്നറിയുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗി കിടന്ന ദിവസത്തെ ചികിത്സാ സംബന്ധിയായ വിവരങ്ങൾ പോലീസ് തേടി. ആശുപത്രി വികസന സമിതിക്ക് നല്കാനാണ് ഒരു ലക്ഷമെന്നാണ് തട്ടിപ്പുകാരൻ തട്ടിവിട്ടത്. സാധാരണക്കാരായ ആളുകൾ ഇത് വിശ്വസിച്ചു.
ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിലും പരിസരത്തും വർഷങ്ങളായി നടന്നിട്ട് ഇതുവരെ ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് ഏറ്റവും രസകരം. വാർഡുകളിൽ ഡോക്ടർ ചമഞ്ഞെത്തി രോഗികളെ പരിശോധിക്കുകയോ മറ്റ് ചികിത്സാ നിർദേശം നല്കുകയോ ചെയ്തിട്ടുള്ളതായി ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത ശേഷം അവരെ കബളിപ്പിച്ച് പണം വാങ്ങിയതായി പരാതി ഉയർന്നിരുന്നു. രണ്ടു പരാതികൾ ഇയാൾ പണം തിരികെ നല്കി ഒതുക്കി തീർത്തു.
സമാന തട്ടിപ്പുകാർ ഇപ്പോഴും ആശുപത്രിക്കുള്ളിൽ കറങ്ങുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ ആശുപത്രിയിലും സർക്കാർ ഓഫീസുകളിലും തൂണിനും തുരുന്പിനും വരെ കൈമടക്ക് നല്കിയാലേ കാര്യങ്ങൾ പെട്ടെന്നു നടക്കുകയുള്ളുവെന്ന പൊതുജനത്തിന്റെ ധാരണയാണ് തട്ടിപ്പുകാരെ വളർത്തുന്നത്. അല്ലെങ്കിൽ ഓപ്പറേഷൻ വേഗം നടത്താനും മറ്റും കൈക്കൂലി നല്കുമോ? അന്യ ജില്ലയിൽ നിന്ന് ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഏറ്റവും പെട്ടെന്ന് ചികിത്സ കിട്ടി ഭേദമായി വീട്ടിൽ പോകണമെന്നാണ് ചിന്ത.
ഈ സമയത്താവും ഒരു തട്ടിപ്പുകാരൻ എത്തി എന്തെങ്കിലും ചെയ്തുകൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നത്. ഇത് വിശ്വസിച്ച് പണം നല്കുകയും ചെയ്യും. മറ്റാരോടും ഇത് പറയരുതെന്ന സാധാരണ തട്ടിപ്പുകാരുടെ തന്ത്രം പ്രയോഗിക്കുന്നതിനാൽ തട്ടിപ്പാണോ എന്ന് ആരോടും അന്വേഷിക്കാതെ ഇടപെടുകയും ചെയ്യും. ഒടുവിൽ കാര്യം നടക്കാതെ വരുന്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സഹായം അഭ്യർഥിച്ച് എത്തുന്നവർ തട്ടിപ്പുകാരായിരിക്കും. അവർക്ക് കൈമടക്ക് നല്കി എളുപ്പത്തിൽ ചികിത്സ തേടാമെന്ന് ആരും കരുതേണ്ട.