കൊല്ലം: മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായി പരീക്ഷയുടെ ഉത്തരകടലാസിൽ ആൾ മാറാട്ടം കണ്ടെത്തിയതിനെതുടർന്ന് മൂന്ന് വിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽനിന്ന് സർവകലാശാല വിലക്ക് ഏർപ്പെടുത്തി.പരീക്ഷസൂപ്രണ്ടിനേയും മറ്റും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
വിദ്യാർഥികൾ എഴുതിയ പരീക്ഷപേപ്പറുകൾ ആരോഗ്യസർവകലാശാലയിൽനിന്ന് കണ്ടെടുക്കാനുള്ള നടപടി തുടങ്ങി. പ്രതികളായവരുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തുടർന്ന്ഇവരെ വിശദമായി ചോദ്യംചെയ്യും.
ആരോഗ്യസർവകലാശാലയിൽനിന്ന് പോലീസ് തെളിവുകൾ ശേഖരിച്ചശേഷം മറ്റ് നടപടികളെക്കുറിച്ചാലോചിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഉത്തരകടലാസിൽ ആൾ മാറാട്ടം കണ്ടെത്തിയതിനെതുടർന്ന് കോളജിലെ പരീക്ഷകേന്ദ്രം റദ്ദാക്കിയിരുന്നു.സർവകലാശാലയുടെ നിർദേശപ്രകാരം സംഭവത്തിൽ കോളജ് അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
2012ൽ പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരകടലാസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവരുടെ ഉത്തരകടലാസുകൾ മാറ്റി മറ്റാരോ എഴുതിയ ഉത്തരകടലാസ് മൂല്യനിർണയത്തിന് അയച്ചതായാണ് വിവരം.
ബന്ധപ്പെട്ടവരുടെ സഹായത്തോടെയാണ് ഈ സംഭവമുണ്ടായതെന്നാണ് സർവകലാശാല അധികൃതരുടെ നിഗമനം.പരീക്ഷാപേപ്പറിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് മൂന്ന് വിദ്യാർഥികളും മൊഴിനൽകിയതോടെയാണ് കൂടുതൽ അന്വേഷണം ഉണ്ടായത്.
ജനുവരിയിൽനടന്ന മൂന്നാംവർഷ എംബിബിഎസ് പാർട്ട് ഒന്ന് പരീക്ഷയിലാണ് തിരിമറി. കണ്ണനല്ലൂർ പോലീസാണ് അന്വേഷണം നടത്തിവരുന്നത്.