വടകര: വായിക്കാനാവാത്ത മരുന്നു കുറിപ്പടി എഴുതി രോഗിയേയും ഫാർമസിസ്റ്റുകളേയും ഡോക്ടറുടെ വക വട്ടം കറക്കൽ. വടകരയിലെ പ്രമുഖ ആശുപത്രിയിലെ എംഡി ഡോക്ടറുടെ കുറിപ്പടി കണ്ട് ഫാർമസിസ്റ്റ് അടക്കമുള്ളവർ പകച്ചുപോയി. ആസ്ത്മയും ഹൃദയസംബന്ധ അസുഖവുമുള്ള രോഗിക്കെഴുതിയ കുറിപ്പടിയിലെ മരുന്നുകൾ ഏതെന്ന് വായിച്ചെടുക്കാനാവാതെ മരുന്നുകടയിലുള്ളവർ കുഴങ്ങി.
ഏഴ് മരുന്നുകൾ എഴുതിയതിൽ ഒന്നു പോലും ഏതെന്ന് എളുപ്പം മനസിലാവുന്നതല്ല. പല മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങിയിട്ടും മരുന്നുകൾ ഏതൊക്കെയെന്ന് സംശയം കൂടാതെ കണ്ടെത്താനായില്ല. ഒടുവിൽ രോഗിയുടെയും കൂട്ടരുടെയും സങ്കടം കണ്ട ഒരു മരുന്നുകടയിലെ ഫാർമസിസ്റ്റ് മറ്റു ജീവനക്കാരുമായി ചർച്ച ചെയ്തും രോഗം എന്തെന്നു ചോദിച്ചും വാട്ട്സാപ്പ് മെസേജുകളുടെ സഹായത്താലുമാണ് മരുന്നുകൾ ഏതെന്ന് ഗണിച്ചെടുത്തത്. ആരോഗ്യ പ്രശ്നം ഒഴിവാക്കാൻ താൽക്കാലികമായാണ് മരുന്ന് നൽകിയത്.
ഈ രൂപത്തിൽ മരുന്ന് കുറിപ്പടി എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നു രോഗികളും ഫാർമസിസ്റ്റുകളും വ്യക്തമാക്കി. ഈ വിഷയം ഫാർമസിസ്റ്റുകളുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുറിപ്പടി എഴുതുന്ന കാര്യത്തിൽ മെഡിക്കൽ കൗണ്സിലിന്റെയും ഐഎംഎ യുടെയും മാർഗനിർദ്ദേശങ്ങൾ ഡോക്ടർമാർ ലംഘിക്കുന്നതായാണ് ആക്ഷേപം.
രോഗിക്കും ഫാർമസിസ്റ്റിനും വായിക്കാൻ കഴിയുന്ന വിധത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ എഴുതണമെന്ന നിർദ്ദേശം ഡോക്ടർമാരിൽ ചിലർ വകവെക്കുന്നില്ല. കുറിപ്പടിയിൽ ഡോക്ടറുടെ വിലാസവും ഡിഗ്രിയും ഫോണ് നന്പറും ചേർത്തിരിക്കണമെന്ന് ഐഎംഎ കഴിഞ്ഞ ആഴ്ചയാണ് നിർദ്ദേശം നൽകിയത്. ഇതൊക്കെ പാലിക്കപ്പെടാതെ പോവുകയാണ്.
മറ്റു മെഡിക്കൽ ഷോപ്പുകളിലേക്കു പോകാതെ ഡോക്ടർ ഉദ്ദേശിച്ച കടയിൽ രോഗി എത്തുന്നതിനു വേണ്ടിയാണ് ഈ ചെപ്പടി വിദ്യ എന്ന ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ ഈ ക്രൂരവിനോദത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫാർമസിസ്റ്റുകൾ.