തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 30 ദിവസത്തേക്ക് അടിയന്തര മെഡിക്കൽ പ്രവർത്തനങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കിയതായി മന്ത്രി കെ.കെ. ശൈലജ. ജില്ലാകളക്ടറുടെ ചേംബറിൽ നടന്ന ആരോഗ്യവിഭാഗം പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാതലത്തിൽ 24 മണിക്കൂറും കണ്ട്രോൾ റൂമുകൾ പ്രവർത്തിപ്പിച്ച് ക്യാന്പുകളിലെ ആരോഗ്യ സാഹചര്യം വിലയിരുത്തും. സ്റ്റേറ്റ് കണ്ട്രോൾ റൂമിലേക്ക് ദൈനംദിന റിപ്പോർട്ടുകൾ നൽകണം. ക്യാന്പുകളിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തി മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു. പ്രളയബാധിത പഞ്ചായത്തുകളിൽ നിലവിലെ ഒപിയ്ക്കൊപ്പം പ്രത്യേക ഒപി കൂടി പ്രവർത്തിപ്പിക്കും.
ഓരോ ക്യാന്പിലും എൻഎച്ച്എം പിആർഒയെ ചുമതലപ്പെടുത്തണം. മരുന്നിന്റെ കുറവ് സ്റ്റേറ്റ് കണ്ട്രോൾ റൂമിൽ അറിയിക്കണം. ആരോഗ്യപ്രവർത്തകർ പകർച്ചാവ്യാധികൾ തടയാനുള്ള ലഘുലേഖകൾ ജില്ലകൾ തോറും വിതരണം ചെയ്യും. ക്ലോറിന്റെ അഭാവം അറിയിക്കണം.
ഇൻസുലിൻ, ടിടി എന്നിവ വേണ്ടവർക്ക് ലഭ്യമാക്കണം. താലൂക്ക് ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കണമെന്നും ആരോഗ്യപ്രവർത്തനങ്ങളുടെ വിവരം മാധ്യമങ്ങൾക്ക് നൽകണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലാ കളക്ടർ ടി.വി. അനുപമ, എഡിഎം സി. ലതിക, ഡിഎംഒ ഡോ. ബിന്ദു തോമസ്, ഡോ. ടി.വി. സതീശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ ആരോഗ്യ വിഭാഗം കണ്ട്രോൾ റൂം: 0487-2333242.