സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്ന കാര്യങ്ങൾ അറിയാതെ ജില്ലാ മെഡിക്കൽ ഓഫീസ്. ഡിഎംഒ ഓഫീസിനു കീഴിലുള്ള ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുണ്ടോയെന്നു ചോദിച്ചാൽ അതൊന്നും തങ്ങൾക്കറിയില്ലെന്നും അതാത് ആശുപത്രികളിൽതന്നെ അന്വേഷിക്കണമെന്നുമാണ് ഉത്തരം.
ജില്ലയിലെ പല ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ലാതെ രോഗികളും ആശുപത്രി അധികാരികളും നട്ടം തിരിയുന്പോഴാണ് തങ്ങൾക്കൊന്നും അറിയില്ലെന്നുപറഞ്ഞ് ഡിഎംഒ ഓഫീസിലുള്ളവർ കൈയുംകെട്ടി നോക്കിയിരിക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ രോഗികൾക്കാവശ്യമായ മരുന്ന് സ്റ്റോക്കുണ്ടോ എന്ന് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഈ മറുപടി. കെഎംഎസ്എസ്്സിഎൽ, കാരുണ്യ വഴിയായി വാങ്ങിയ മരുന്നുകളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു ചോദിച്ചിരുന്നത്. എന്നാൽ അതൊന്നും ഡിഎംഒ ഓഫീസിൽ ലഭ്യമല്ലത്രേ.
പകർച്ചവ്യാധികൾക്കെതിരെ സത്വര നടപടിയെടുക്കേണ്ട ജില്ലാ മെഡിക്കൽ ഓഫീസിലാണ് കീഴ്്സ്ഥാപനങ്ങളിൽ ആവശ്യത്തിനു മരുന്നുണ്ടോയെന്നുപോലും അറിയാതെ ഉദ്യോഗസ്ഥർ കഴിച്ചുകൂട്ടുന്നത്. ഗ്രാമ പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമൊക്കെ സമയത്തിന് മരുന്നെത്തിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ വഴി നിയന്ത്രിക്കുന്ന ആശുപത്രികളിലും സ്ഥാപനങ്ങളിലും, പണം കെട്ടിവച്ചിട്ടും മരുന്നെത്തിക്കാത്ത സാഹചര്യം നിലനിൽക്കുന്പോഴാണ് ജില്ലാ മെഡിക്കൽ ഓഫീസ് നിരുത്തരവാദപരമായി നിലകൊള്ളുന്നത്.
ജില്ലയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് 2016-2017, 2017-2018 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി കെഎംഎസ്്സിഎൽ, കാരുണ്യ വഴിയായി മരുന്നുകൾ വാങ്ങിയതെന്ന വിവരങ്ങളും ഡിഎംഒ ഓഫീസിൽ ലഭ്യമല്ല. ഏതെല്ലാം സ്ഥാപനങ്ങളാണ് പദ്ധതി പ്രകാരം മരുന്നുകൾ വാങ്ങാൻ പണം നൽകിയിട്ടുള്ളതെന്നും അറിയില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം രേഖാമൂലം മറുപടി നൽകണമെന്ന ചോദ്യങ്ങൾക്ക് ഡിഎംഒ ഓഫീസിൽനിന്ന് നൽകിയിരിക്കുന്ന മറുപടി.
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യത്തിനു മരുന്ന് ഉണ്ടോയെന്ന് പരിശോധിച്ച് കണക്കെടുക്കാനുള്ള സംവിധാനം ജില്ലാ മെഡിക്കൽ ഓഫീസിലില്ല എന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.