ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ഒപികളിൽ എത്തുന്ന രോഗികൾക്ക് ഡോക്ടറെ യഥാസമയം കാണാൻ സാധിക്കാതെ മരുന്നു കന്പനികളുടെ പ്രതിനിധികൾ തടസം സൃഷ്ടിക്കുന്നതായി പരാതി.
രാവിലെ 8.30ന് ഒപികളിൽ ഡോക്ടർമാർ എത്തും. 10ന്് വിവിധ മരുന്നു കന്പനികളുടെ പ്രതിനിധികളും എത്തിച്ചേരും. രോഗികൾ ഡോക്ടർമാർകണ്ടു കൊണ്ടിരിക്കുന്നതിനിടെ മരുന്നു കന്പനി പ്രതിനിധികളും, ഡോക്ടർമാരെ സന്ദർശിക്കുന്നു. സാന്പിൾ മരുന്നുകൾ വിതരണം ചെയ്ത ശേഷമാണ് ഡോക്ടർമാരുടെ മുറികളിൽ നിന്ന് തിരികെ ഇറങ്ങുന്നത്.
രോഗികളുടെ പരിശോധന സമയത്ത് മരുന്നു കന്പനികളുടെ പ്രതിനിധികൾ പ്രവേശിക്കരുത് എന്നാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് തങ്ങളെ ബാധിക്കുകയില്ലെന്ന രീതിയിലാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. ആശുപത്രി ജീവനക്കാർ പറയുന്നത് മരുന്നു കന്പനി പ്രതിനിധികൾ അനുസരിക്കാറില്ലെന്നും പരാതിയുണ്ട്.
ഉച്ചയ്ക്ക് 12നു ശേഷം രോഗികളുടെ തിരക്ക് കുറഞ്ഞശേഷം മാത്രം മരുന്നു കന്പനി പ്രതിനിധികൾ ഡോക്ടർമാരുടെ സമീപത്ത് എത്തുന്നതിനുളള ക്രമീകരണം അധികൃതർ ചെയ്യണമെന്നാണ് രോഗികളുടെ ആവശ്യം.