ഗാന്ധിനഗർ: മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നു കന്പനി പ്രതിനിധികൾ ഒപി സമയങ്ങളിൽ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നു. മരുന്നു കന്പനി പ്രതിനിധികൾ ഒപി സമയത്ത് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നതു രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇത് ആവർത്തിക്കാതിരിക്കാൻ ഇടപെടൽ നടത്തണമെന്ന നിർദേശം മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കു നൽകിയിരുന്നു.
കഴിഞ്ഞ 23നാണു ഇതു സംബന്ധിച്ച് ഉത്തരവു നല്കിയത്. എന്നാൽ ഉത്തരവിറങ്ങിയശേഷം ഇന്നലെയും ഒപി സമയങ്ങളിൽ മരുന്നു കന്പനി പ്രതിനിധികൾ ഡോക്്ടർമാരെ കാണുന്നതിന് എത്തിയിരുന്നു. മെഡിക്കൽ കോളജിലെ ഒപി കേന്ദ്രീകരിച്ച്എത്തിച്ചേരുന്നവരുടെ മുഴുവൻ ബാഗുകളും ഒപിയിൽ കിടക്കുന്ന മേശപ്പുറത്ത് വച്ചശേഷമാണു ഓരോ വിഭാഗത്തിലേക്കും പ്രതിനിധികൾ പോകുന്നതെന്നു ജീവനക്കാർ തന്നെ പറയുന്നു. അതിനാൽ കമ്മീഷൻ ഉത്തരവ് പാലിക്കാൻ തയാറാകാത്ത ഒപി സമയത്ത് എത്തുന്ന മരുന്നു കന്പനി പ്രതിനിധികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നു രോഗികൾ ആവശ്യപ്പെടുന്നു.