ന്യൂഡൽഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പികെ ദാസ്, വർക്കല എസ്ആർ എന്നീ മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. മെഡിക്കൽ കൗണ്‍സിലിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
ഈ കോളജുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് മറികടന്നാണ് ഹൈക്കോടതി പ്രവേശന അനുമതി നൽകിയത്. പ്രവേശനാനുമതി നൽകിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാവില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
ഈ വർഷത്തെ പ്രവേശനത്തിൽ മാനദണ്ഡങ്ങളൊന്നും നാല് കോളജുകളും പാലിച്ചില്ലെന്ന് മെഡിക്കൽ കൗണ്‍സിൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നൽകിയതോടെ മെഡിക്കൽ കൗണ്‍സിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
550 സീറ്റുകളിലാണ് മെഡിക്കൽ പ്രവേശനം നടന്നിരിക്കുന്നത്. ഇതോടെ ഈ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകും.