കോഴിക്കോട് : സംസ്ഥാനത്തെ ഫാര്‍മസികളില്‍ പരസ്യമായ നിയമലംഘനം. ഫാര്‍മസിസ്റ്റുകളുടെ സേവനം നിയമാനുസൃതം ഉപയോഗപ്പെടുത്താതെയാണ് സംസ്ഥാനത്തെ പല ജില്ലകളിലും ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസിസ്റ്റില്ലാതെ മരുന്ന് വില്‍പ്പന നടത്താന്‍ പാടില്ലെന്നാണ് ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് റൂള്‍സിലും ഫാര്‍മസി നിയമത്തിലുമുള്ളത്.
അതേസമയം പകല്‍ സമയത്തു പോലും മരുന്ന് നല്‍കാനും ഉപഭോക്താക്കളുടെ സംശയം ദൂരീകരിക്കാനും ഫാര്‍മസിസ്റ്റുകളുടെ സേവനം പലയിടത്തുമുണ്ടാവാറില്ല. ആന്റിബയോട്ടിക് മരുന്നുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗംമൂലം ആന്റിബയോട്ടിക് റസിസ്റ്റന്‍ഡ് ബാക്ടീരിയ രോഗചികിത്സയ്ക്ക് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പരസ്യമായ നിയമലംഘനം നടക്കുന്നത്.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ മാത്രമാണ് മിക്ക ഫാര്‍മസികളില്‍ ഫാര്മസിസ്റ്റുകളുണ്ടാവാറുള്ളത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രി ക്ലിനിക് ഫാര്‍മസികളില്‍ പോലും ഒന്നില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നില്ല. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലും ആശുപത്രി ക്ലിനിക്കുകളിലും മൂന്നു ഫാര്‍മസിസ്റ്റുകള്‍ വേണമെന്ന ചട്ടവും പലയിടത്തും ലംഘിക്കുകയാണ്.
ചില ഫാര്‍മസികള്‍ രാത്രി പന്ത്രണ്ടുമണിവരെ തുറന്ന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ മരുന്നുവില്‍പ്പന നടത്തുന്നതായി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് (കെപിപിഎ) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആന്റിബയോട്ടിക് മരുന്നുകളും നാര്‍ക്കോട്ടിക് കാറ്റഗറിയില്‍ പെട്ട ലഹരിമരുന്നുകളും കഫ് സിറപ്പുകളും ഡോക്ടറുടെ കുറിപ്പു പോലുമില്ലാതെ യഥേഷ്ടം വിറ്റഴിക്കുന്നുണ്ടെന്ന് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ഭാരവഹികള്‍ വ്യക്തമാക്കി. കുറുപ്പടിയില്ലാതെ വിതരണം ചെയ്യുന്നതില്‍ അപസ്മാര, മാനസികരോഗത്തിനുള്ള മരുന്നുകളുമുണ്ട്.
ആന്റിബയോട്ടിക്കിനെ കുറിച്ച് കൃത്യവും ആധികാരികവുമായ അറിവുള്ള ഫാര്‍മസിസ്റ്റുകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കാറില്ല. വൈകിട്ട് ആറിനു ശേഷം ഫാര്‍മസിസ്റ്റുകളുടെ ജോലി സമയത്തിനു ശേഷവും തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നിനെ കുറിച്ച് അടിസ്ഥാന അറിവുപോലുമില്ലാത്തവരാണുണ്ടാവാറുള്ളതെന്നും കെപിപിഎ ഭാരവാഹികള്‍ അറിയിച്ചു.
ഈ സമയങ്ങളിലാണ് ആന്റിബയോട്ടിക്, സ്റ്റിറോയിഡ്, സൈക്കോട്രോപ്പിക് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ പലരും സ്ഥിരമായി വാങ്ങാനായി എത്തുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരെ ഈ സമയങ്ങളിലെത്തിയാല് ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ തന്നെ മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്നാണ് പോലീസും പറയുന്നത്.
മരുന്നുകള്‍ക്ക് പുറമെ സിറിഞ്ചുകളും യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് വാങ്ങുന്നതില്‍ ഏറെയും വിദ്യാര്‍ഥികള്‍ തന്നെയാണെന്ന് എക്സൈസും പോലീസും വ്യക്തമാക്കി. അതേസമയം കുറുപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തിയാല്‍ മെഡിക്കല്‍ഷോപ്പിന്റെ ലൈസന്‍സ് വരെ റദ്ദാക്കാം.
ഷെഡ്യൂള്‍ഡ് എച്ച് കാറ്റഗറിയില്‍പ്പെട്ട മരുന്നുകള്‍ കുറുപ്പടിയില്ലാതെ നല്‍കുന്നതല്ലെന്ന വിവരം ഷോപ്പുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫാര്മസിസ്റ്റുകളില്ലാത്ത സമയങ്ങളില്‍ പലരും ഇത് ലംഘിക്കുകയാണ്.
പ്രത്യേക വിഭാഗത്തില്‍പ്പെട്ട മരുന്നു വാങ്ങുമ്പോള്‍ അവയുടെ വിവരം ചീട്ടില്‍ ഫാര്‍മസിസ്റ്റുകള്‍ രേഖപ്പെടുത്തണമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതും നടപ്പാക്കുന്നില്ല. കൂടാതെ ഉപഭോക്താവിന് തിരച്ചറിയും വിധത്തില്‍ ഫാര്‍മസിസ്റ്റുകള്‍ വെള്ള കോട്ട് ധരിക്കണമെന്നാണ് നിയമം. ഇതും പ്രാവര്‍ത്തികമാക്കാന്‍ പലരും തയാറായിട്ടില്ല.