ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മാറി നല്കിയ മരുന്നു കഴിച്ച് രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറിനെതിരേയും സെയില്‍സ് മാനെതിരേയും ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
രണ്ടാഴ്ച മുമ്പാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഗാസ്ട്രോ വിഭാഗത്തില്‍ ചികിത്സ തേടിയ വയോധികന് ഡോക്ടര്‍ മരുന്നു കുറിച്ച് നല്കി. തുടര്‍ന്ന് ആശുപത്രി ജംഗ്ഷനിലുള്ള മരുന്നു കടയില്‍നിന്ന് മരുന്ന് വാങ്ങി.
രണ്ടാഴ്ചയോളം രോഗി മരുന്ന് കഴിക്കുകയും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറിയെന്നും കാന്‍സര്‍ രോഗ ചികിത്സയ്ക്കുള്ള മരുന്നാണ് ഇയാള്‍ കഴിച്ചു കൊണ്ടിരിന്നതെന്നും മനസിലായത്.
ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും മരുന്ന് നല്കിയ സെയില്സ്മാനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ ടി. ശ്രീജിത്ത് അറിയിച്ചു.