കൊല്ലം: നഗരത്തിൽ താലൂക്ക് കച്ചേരിമുക്കിന് സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം. രാജ് ടവറിലെ കാരുണ്യമെഡിക്കൽ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്.
മരുന്ന് സംഭരിച്ചുവച്ചിരുന്ന ഗോഡൗണിനും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല.
പുലർച്ചെ രണ്ടോടെ നൈറ്റ് പട്രോളിംഗിന് പോയ പോലീസുകാരാണ് കടയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് പോലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു.
കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. ഈ ഭാഗത്തെ കോൺക്രീറ്റും പൊട്ടിത്തെറിച്ചനിലയിലാണ്. വായു പുറത്തുകടക്കാൻ ഇടമില്ലാത്തതിനാൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് ഏറെ ശ്രമം നടത്തേണ്ടിവന്നു.
മൂന്നുമണിക്കൂറോളം ശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.