പൊൻകുന്നം: പൊൻകുന്നം – പാലാ റോഡിൽ വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടിത്തം. ഇന്നു രാവിലെ 6.45 ഓടെ മെഡിക്കൽ സ്റ്റോറിന് പിൻഭാഗത്ത് കെട്ടിടത്തിന്റെ മുകൾഭാഗത്തുകൂടി പുക ഉയരുന്നതു കണ്ടാണ് വാഹനങ്ങളിലും വഴിയാത്രക്കാരും ഉടൻ തന്നെ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.
കടക്കകത്ത് തി പിടിച്ച് ചില സാധനങ്ങൾ പൊട്ടിത്തെറിച്ച് ഷട്ടറിൽ ഇടിക്കുന്ന ശബ്ദം പുറത്ത് നിൽക്കുന്നവർക്കു കേൾക്കാമായിരുന്നു. ഇതിനിടെ കടയുടമ ജോജിയോയും വിവരം അറിയിച്ചിരുന്നു. ജോജി എത്തിയാണ് മെഡിക്കൽ സ്റ്റോർ തുറന്നത്.
കടയ്ക്കകം മുഴുവൻ തീയായിരുന്നു. ഇതിനിടെ ഏതോ സാധനം പൊട്ടി പുറത്തേക്കു തെറിച്ചുവീണങ്കിലും അപായമുണ്ടായില്ല. പൊൻകുന്നം പോലിസും ഹൈവേ പോലീസും ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും തീയണയ്ക്കാൻ ശ്രമിച്ചു.
പോലിസ് തച്ചാറ പെട്രോൾപന്പിൽ നിന്ന് പത്ത് ഫയർഎസ്റ്റിൻഗുഷർ കൊണ്ടുവന്നു. പന്പിലെ ജീവനക്കാരും എത്തിയിരുന്നു. തീ പൂർണമായും അണച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്ന് സ്ഥാപന ഉടമ ജോജി പറയുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നു പുലർച്ചെ കാറ്റും മഴയും മൂലം വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. അതിനാൽ ഷോർട്ട് സർക്യൂട്ട് എന്നു പറയാൻ കഴിയില്ല. പോലിസ് തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്.