ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മരുന്നു ഷോപ്പ് വ്യാപാരികൾ മരുന്നുകൾക്ക് അമിതവില ഈടാക്കുന്നതായി ആക്ഷേപം. ആരെങ്കിലും മരുന്നിന്റെ വിലയെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചാൽ സൗകര്യമുള്ളവർ മാത്രം വാങ്ങിയാൽ മതിയെന്നാണ് കടക്കാരുടെ നിലപാട്.
കഴിഞ്ഞദിവസം കോട്ടയം സ്വദേശിനിയായ വീട്ടമ രക്തസമ്മർദ്ദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. മൂന്നാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് പഞ്ചസാരയുടെയും കാത്സ്യത്തിന്റെയും അളവു നിയന്ത്രിക്കുന്നതിനായി ഡോക്ടർ ഷിൽകാൾ(500എംജി) ഗ്ലൈപിസെജ് എന്നീ ഗുളികകൾ ആറെണ്ണം വീതം വാങ്ങുവാൻ കുറിപ്പെഴുതി കൊടുത്തു.
ഈ കുറിപ്പുമായി രോഗിയുടെ ബന്ധു സമീപത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പിലെത്തിയപ്പോൾ 160രൂപ മരുന്നിനാകുമെന്ന് അറിഞ്ഞു. തുടർന്ന് മറ്റു മെഡിക്കൽ ഷോപ്പിലും മരുന്നിനായി സമീപിച്ചു. അവിടെയും വില കൂടുതലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ആശുപത്രി കോന്പൗണ്ടിലെ കാരുണ്യ ഫാർമസിയിലെത്തി. ഈ മരുന്നുകൾക്ക് 20 രൂപയേ വിലയായുള്ളൂ. എന്നാൽ മരുന്നുകൾ പല കന്പനികളുടേതായതിനാൽ വിലയിൽ മാറ്റം വരുമെന്നാണ് മരുന്നു വ്യാപാരികൾ പറയുന്നത്.