കണ്ണൂർ: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടയിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥിനി ശിവപുരത്തെ ഷംന തസ്നീമിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഷംനയുടെ മരണത്തിന്റെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് 25 ന് രാവിലെ മുതൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ 48 മണിക്കൂർ സത്യഗ്രഹം നടത്തും. ഇതിന് മുന്നോടിയായി ജസ്റ്റിസ് ഫോർ ഷംന എന്ന മുദ്രാവാക്യമുയർത്തി 21 ന് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നീതിജ്വാല എന്ന പേരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.
മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും. മകളുടെ നീതിക്കുവേണ്ടി പിതാവ് അബൂട്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് എംഎസ്എഫ് പൂർണ പിന്തുണ നൽകും. ഇതുവരെ നടന്ന അന്വേഷണങ്ങൾ കാര്യക്ഷമമല്ലെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് സി.കെ. നജാഫ്, ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു. ്