തിരുവനന്തപുരം: നാഷണൽ മെഡിക്കൽ ബില്ലിനെതിരേ സമരം നടത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾ രാജ്ഭവനു മുന്നിൽ ഇന്നലെ വൈകുന്നേരം മുതൽ അനിശ്ചിതകാല ഉപവാസം തുടങ്ങി. ഉപവാസം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഐഎംഎ സ്റ്റുഡന്റസ് നെറ്റ് വർക്ക് ഭാരവാഹികളായ ഡോ. അജിത്പോൾ, ഡോ.എസ്. രാകേഷ്, വിഷ്ണു.എസ്. കുമാർ, ലിഷ എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന ഇന്ന് രാവിലെ പത്തരയോടെ രാജ്ഭവന് മുന്നിൽ നിരാഹാരം ആരംഭിച്ചു.
ബില്ലിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി രാജ്ഭവനുകൾക്കു മുന്നിൽ നടത്തുന്ന സമരഭാഗമായാണ് കേരള രാജ്ഭവനു മുന്നിൽ ഇന്നലെ മെഡിക്കൽ വിദ്യാർഥികൾ സമരം തുടങ്ങിയത്.മെഡിക്കൽ വിദ്യാർത്ഥികൾ സർക്കാർ മെഡിക്കൽ കോളജിലെ ക്ലിനിക്കുകളും ക്ലാസുകളും ബഹിഷ്കരിക്കും.
പഠിപ്പുമുടക്കുന്ന വിദ്യാർത്ഥികളും ഡോക്ടർമാരും ഇന്ന് രാജ് ഭവനിലേക്ക് മാർച്ച് നടത്തും. ലോക്സഭ പാസാക്കിയ മെഡിക്കൽ ബില്ല് ഇന്ന് രാജ്യസഭ പരിഗണിക്കുകയാണ്. ബില്ല് അതേപടി പാസാക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിട്ടില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്നും ഇന്നലെ ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിനൂഹു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷൻ തുടങ്ങി സംഘടനകളും പങ്കാളികളാകും. അലോപ്പൊതി ഡോക്ടർമാരുടെ ജീവ·രണ പോരാട്ടമാണ് ആരംഭിച്ചിട്ടുള്ളതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ. സുഗതൻ പറഞ്ഞു.
ഐഎംഎ നാഷണൽ കൗണ്‍സിൽ ചെയർമാൻ ഡോ.മാർത്താണ്ഡപിള്ള ,ഐഎംഎ സ്റ്റുഡന്റസ് നെറ്റ് വർക്ക് നാഷണൽ കോ-ഓർഡിനേറ്റർ ഡോ.ശ്രീജിത് എൻ. കുമാർ, വൈസ് പ്രസിഡന്റ് ഡോ. അജിത്പോൾ, സംസ്ഥാന കണ്‍വീനർ പി.സി. അർജുൻ, ഡോ. ദേവകുമാർ (കെജിഎംസിടിഎ) ഡോ. സനൽ (കെജിഎംഒഎ), പിജി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. ജിഷ്ണു, ഡോ.പി.ജി.പ്രണവ്, സംസ്ഥാന കമ്മിറ്റിയംഗം ഡോ. അനന്ദു, ഹൗസ് സർജന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ്രാജ് തുടങ്ങിയവർ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.