ന്യൂഡല്ഹി: വിദേശ സര്വകലാശാലകളിലെ മെഡിക്കല് വിദ്യാര്ഥികള്ക്ക് ഇന്ത്യന് സര്വകലാശാലകളില് പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്ക്കാര്. നിലവിലെ നിയമത്തില് ഇതിനു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിലും,യുക്രൈനിലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി മൂലവും നിരവധി മെഡിക്കല് വിദ്യാര്ഥികള് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഇവരുടെ തുടര്പഠനം സംബന്ധിച്ച വിഷയം ചര്ച്ചയായത്.
അമ്പതിനായിരത്തോളം വിദ്യാര്ഥികളാണ് ഇത്തരത്തില് രാജ്യത്തേക്ക് മടങ്ങിയത്. ഇവരില് നല്ലൊരു വിഭാഗവും മലയാളികളാണ്.
വിദേശത്തു നിന്നു മടങ്ങിയ വിദ്യാര്ഥികള്ക്ക് ഇവിടെ തുടര്പഠനം നല്കാനാവില്ലെന്ന് ദേശീയ മെഡിക്കല് കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു.
ദേശീയ മെഡിക്കല് കമ്മീഷനുമായി ചര്ച്ച നടത്തിയ ശേഷമാണ് വിഷയത്തില് കേന്ദ്രം അന്തിമ നിലപാട് വ്യക്തമാക്കിയത്.
ഇത്തരത്തില് രാജ്യത്തേക്ക് മടങ്ങിയ വിദ്യാര്ഥികള്ക്ക് സംസ്ഥാനത്തെ കോളേജുകളില് പ്രവേശനം നല്കിയ ബംഗാൾ സര്ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.
അവസാനവര്ഷ വിദ്യാര്ഥികള്ക്ക് ഇന്ത്യയില് പരീക്ഷ എഴുതാന് അവസരം നല്കിയ ശേഷം ഫോറിന് മെഡിക്കല് ഗ്രാജുവേറ്റ് എക്സാം എന്ന സ്ക്രീനിംഗ് ടെസ്റ്റില് പങ്കെടുക്കാന് അവസരം നല്കണമെന്നും ആവശ്യമുയര്ന്നിട്ടുണ്ട്. ഇക്കാര്യത്തിലും കേന്ദ്രസര്ക്കാര് അന്തിമ തീരുമാനം എടുത്തിട്ടില്ല.