ഗാന്ധിനഗർ: കാസർകോഡ് മെഡിക്കൽ കോളജിലെ സേവനത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജ് സംഘം തിരിച്ചെത്തി.
ഇന്നലെ രാത്രി എട്ടിന് എത്തിയ സംഘത്തെ ആർഎംഒ ഡോ.ആർ.പി. രഞ്ചിൻ, കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ആർ.സജിത്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സംഘാംഗങ്ങളെ ഹോം ക്വാറന്റൈനിലേക്ക് മാറ്റി. ചില ജീവനക്കാർക്ക് വീടുകളിൽ അസൗകര്യമുള്ളതിനാൽ ഇവരെ ഏറ്റുമാനൂർ മന്നാമലയിലുള്ള ഒരു സന്നദ്ധ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ അനസ്തേഷ്യ മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘത്തിൽ 10 വീതം ഡോക്ടർമാർ, നഴ്സുമാർ, അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരായിരുന്നു.
ഏപ്രിൽ 15നാണ് സംഘം കാസർഗോഡ് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടത്. 14 ദിവസത്തെ സേവനത്തിനുശേഷമാണ് തിരികെ എത്തിയത്. ഇനി 14 ദിവസം ക്വാറന്റൈനിൽ പോയശേഷമേ ഇവർ ഡ്യൂട്ടിക്കായി മെഡിക്കൽ കോളജിൽ എത്തുകയുള്ളൂ.