വലപ്പാട്: ബിഡിഎസ് സീറ്റ് ശരിയാക്കിത്തരാമെന്നു പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനും ഭാര്യക്കുമെതിരെ വലപ്പാട് പോലീസ് കേസെടുത്തു. തൃശൂർ ലാൻഡ് ആൻഡ് സർവെ ഓഫീസിലെ സീനിയൽ ക്ലർക്ക് കണിമംഗലം നെടുപുഴ മുല്ലക്കൽ റസിഡൻസ് കോളനിയിലെ അന്പാടി വീട്ടിൽ അന്പാടി അജിത്ത് (40), ഭാര്യ പ്രസീന എന്നിവർക്കെതിരെയാണു വലപ്പാട് പോലീസ് കേസെടുത്തത്. തളിക്കുളം സ്വദേശിയും പ്രവാസിയുമായ എരണേഴത്ത് വീട്ടിൽ അനിൽകുമാർ (53) നൽകിയ പരാതിയെത്തുടർന്നാണു കേസെടുത്തത്.
അനിൽകുമാറിന്റെ പ്ലസ്ടു കഴിഞ്ഞുനിൽക്കുന്ന മകൾക്കു ബിഡിഎസിനു സീറ്റ് സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം കൈക്കലാക്കിയെന്നാണു പരാതി. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഐപി വഴിയിലൂടെ ആവശ്യക്കാരെയും കുടുംബത്തേയും ക്ഷേത്രത്തിനുള്ളിലേക്കു കടത്തിവിട്ട് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്ത് അവരുമൊത്തുള്ള ഫോട്ടോകളെടുത്തും ജനങ്ങളെ വിശ്വസിപ്പിച്ചുമാണ് ഇയാൾ തട്ടിപ്പ് നടത്താറുള്ളത്.
വരവിൽ കൂടുതൽ സ്വത്ത് സന്പാദിച്ച കേസിൽ സസ്പെൻഷൻ നടപടി നേരിട്ടുള്ള ആളാണ് അന്പാടി അജിത്തെന്നു പോലീസ് പറഞ്ഞു. ഡിപ്പാർട്ട്മെന്റ് തലത്തിൽ റിപ്പോർട്ട് നൽകി കൂടുതൽ അനേഷണം വ്യാപിപ്പിക്കുമെന്നും പ്രതികൾക്കെതിരെ അന്വേഷണം ഉർജിതമാക്കിയതായും എസ്ഐ ഇ.ആർ. ബൈജു പറഞ്ഞു.