കൊച്ചി: വിദേശ മലയാളിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പോലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
എംബിബിഎസ് അഡ്മിഷന് ഫീസ് കുറപ്പിച്ചുതരാമെന്നു പറഞ്ഞു എളംകുളം സ്വദേശിയായ വിദേശ മലയാളിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത ആലുവ ചൂർണിക്കര തായ്ക്കാട്ടുകര ശാന്തിനഗർ തെക്കേമണ്ണിൽ ജോയ് മാത്യുവിന്റെ മകൻ ജോബിൻ ജോയിയെ (32) ആണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പുതുച്ചേരിയിലെ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച മകൾക്ക് ഫീസ് ഇളവ് വാങ്ങിത്തരണമെന്നു വിശ്വസിപ്പിച്ചാണു പ്രതി പരാതിക്കാരനുമായി പരിചയത്തിലാകുന്നത്.
സ്റ്റഡി ലിങ്ക് കണ്സൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെന്നു സ്വയം പരിചയപ്പെടുത്തിയ പ്രതി തനിക്ക് കോളജ് മാനേജ്മെന്റിലും രാഷ്ട്രീയത്തിലും ഉന്നതമായ സ്വാധീനമുണ്ടെന്നു പരാതിക്കാരനെ വിശ്വസിപ്പിച്ചു.
1.10 കോടി രൂപയുടെ ഫീസ് തന്റെ സ്വാധീനം ഉപയോഗിച്ച് 80 ലക്ഷമാക്കി കുറച്ചുതരാമെന്നു പറഞ്ഞ പ്രതി ആദ്യഗഡുവായ 40 ലക്ഷം രൂപ അഡ്മിഷൻ സമയത്ത് നൽകണമെന്നും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന പരാതിക്കാരൻ 40 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ട് വഴി നൽകി. ഒന്നാം വർഷ ക്ലാസ് അവസാനിക്കുന്ന സമയത്തു ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോളജ് അധികൃതരുടെ കത്ത് വിദ്യാർഥിനിക്കു ലഭിക്കുന്പോഴാണ് തട്ടിപ്പ് പുറത്തായത്.
ആദ്യ ഗഡു അടച്ചതാണെന്നു പറഞ്ഞെങ്കിലും കോളജ് രേഖയിൽ 25 ലക്ഷം മാത്രമാണ് അടച്ചതായി കണ്ടത്. തുടർന്നു പ്രതിയുമായി ബന്ധപ്പെട്ടപ്പോൾ പത്തു ദിവസത്തിനകം പണം തിരികെ നൽകാമെന്നു വാക്ക് നൽകി. സമയപരിധി അവസാനിച്ചിട്ടും പണം നൽകാതിരുന്നതിനെത്തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വൈക്കം, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുള്ളതായുള്ള വിവരങ്ങളാണു ലഭിച്ചിട്ടുള്ളത്.
മറ്റ് മേഖലകളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുള്ളതായി വിവരം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായ വിവരം അറിഞ്ഞ് കൂടുതൽപേർ പരാതിയുമായി രംഗത്തെത്തുവാൻ സാധ്യതയുണ്ട്. എസിപി കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സിഐ എസ്. വിജയശങ്കർ, എസ്ഐമാരായ വിബിൻ ദാസ്, സുനുമോൻ, എഎസ്ഐ അരുൾ, സിപിഒമാരായ അനിൽ, ജാക്സണ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.