ഗാന്ധിനഗർ: ഉച്ചയ്ക്കുശേഷം അപകടങ്ങളല്ലാത്ത നിസാര രോഗങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കില്ലെന്നു കോട്ടയം മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ. അത്യാഹിത വിഭാഗത്തിൽ ജലദോഷം, പനി, ചുമ, തലവേദന തുടങ്ങിയ രോഗവുമായി എത്തുന്നവരെ ഉച്ചയ്ക്കു ശേഷം പരിശോധിക്കേണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ഇത്തരക്കാർ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്കുള്ള ഒപിയിൽ പോയി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ഇവർ പറയുന്നു. വിവിധ ആശുപത്രികളിൽ നിന്നും അപകടത്തിൽപ്പെട്ടും വരുന്ന രോഗികളെ യഥാസമയം പരിശോധിച്ച് ചികിത്സ നൽകുവാൻ കഴിയാത്തതിന്റെ പേരിൽ ജൂണിയർ ഡോക്്ടർമാർ പലപ്പോഴും രോഗികളുടെ കൂടെയെത്തുന്നവരുടെ ശകാരത്തിനും, വാക്ക് തർക്കങ്ങൾക്കും വിധേയമാകാറുണ്ട്. അത്തരത്തിലുള്ള ബഹളങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കർശന നിലപാടു സ്വീകരിക്കുവാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ ആദ്യം പരിശോധന നടത്തുന്നത് ജൂണിയർ ഹൗസ് സർജനാണ്. ഇവരുടെ പരിശോധനയ്ക്കുശേഷമാണ് രോഗിയെ ഏതു വിഭാഗത്തിലേക്ക് അയക്കണമെന്ന് തീരുമാനിക്കുന്നത്.
പലപ്പോഴും മെഡിസിൻ വിഭാഗത്തിലേക്ക് പോകുന്നതിനുള്ള രോഗികളുടെ നീണ്ട ക്യൂ ഉണ്ടാകും. ഇവരെ പരിശോധിച്ചുകൊണ്ടിരിക്കുന്പോൾ, അപകടങ്ങളിൽപ്പെട്ടോ, വിവിധ ആശുപത്രികളിൽ നിന്ന് റഫർ ചെയ്തതോ രോഗികൾ എത്തും. ഇവരെ പരിശോധിക്കുന്നതിനായി ഡോക്ടർ പോകും. ഡോക്ടർ അങ്ങനെ പോകുന്ന സമയത്ത് ക്യൂവിൽ നിൽക്കുന്ന നിസാര രോഗമുള്ളവർപോലും ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഗുരുതരാവസ്ഥയിലെത്തുന്നവരെ യഥാസമയം പരിശോധിച്ചില്ലെങ്കിൽ അവരുടെ കൂടെയെത്തുന്നവരുടെ ഭാഗത്തുനിന്നും ഡോക്ടർമാർക്കെതിരെ ബഹളം വയ്ക്കാറുണ്ട്. അതിനാൽ ബഹളങ്ങളും വാക്ക് തർക്കങ്ങളും ഒഴിവാക്കുവാനും ഗുരുതരമായി എത്തുന്ന രോഗികൾക്ക് യഥാസമയം ചികിത്സ നൽകുവാൻ വേണ്ടി നിസാര രോഗമുള്ളവർ ഉച്ചയ്ക്കു ശേഷം അത്യാഹിത വിഭാഗത്തിലെത്തരുതെന്നും എത്തിയാൽ മടക്കി അയയ്ക്കുമെന്നും ജൂണിയർ ഡോക്ടർമാർ പറഞ്ഞു.
എന്നാൽ രോഗം കാഠിന്യമുള്ളതോ, അല്ലാത്തതോ എന്ന് നോക്കാതെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ നൽകണമെന്നും, ജൂണിയർ ഡോക്ടർമാരുടെ ഈ തീരുമാനം ആശുപത്രി സംവിധാനത്തിന് ചേർന്നതല്ലെന്നും ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ പറഞ്ഞു.